ന്യൂഡൽഹി: ജന്തർ മന്തറിലെ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്‌കെ നിരാഹാര സമരം ആരംഭിച്ചു. ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുകയായിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നാണ് അഭിജീത് സമരത്തിന് തുടക്കമിട്ടത്.
എല്ലാവരും ജന്തർ മന്തറിലേക്ക് എത്തണമെന്നും, പോരാട്ടത്തിനായി ഒന്നിച്ച് ഇറങ്ങണമെന്നും അഭിജീത് ദീപ്‌കെ ആഹ്വാനം ചെയ്തു. ജന്തർ മന്തറിലെത്താൻ കഴിയാത്തവർ സ്വന്തം സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഭിജീത് ദീപ്‌കെ സമരവേദിയിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പൊലീസ് നടപടി. പുലർച്ചെയോടെ സമരവേദിയിലെത്തിയ പൊലീസ് സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയും സമരക്കാരോട് ജന്തർ മന്തർ ഒഴിയാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് അഭിജീത് ദീപ്‌കെയെ വീട്ടുതടങ്കലിലാക്കിയെന്നായിരുന്നു കോക്രോച്ച് ജനതാ പാർട്ടിയുടെ ആരോപണം. താമസസ്ഥലത്ത് പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും പാർട്ടി അറിയിച്ചിരുന്നു.
എന്നാൽ സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തതിന് ശേഷം ജന്തർ മന്തറിലെത്തിയ അഭിജീത് ദീപ്‌കെ വീണ്ടും സമരവേദിയിൽ നിരാഹാരം ആരംഭിച്ചു.
അതേസമയം, സോനം വാങ്ചുക്കിന്റെ ആരോഗ്യനില പരിഗണിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘം അറിയിച്ചു. കോടതി നിർദേശപ്രകാരമാണ് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജിയും അറിയിച്ചു. പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും, സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത് സമരം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
ജന്തർ മന്തറിൽ പൊലീസ് നടപടി സ്വീകരിക്കുന്നതിന് മുമ്പ് പ്രദേശത്ത് ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സോനം വാങ്ചുക്ക് കസ്റ്റഡിയിലായതിന് പിന്നാലെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു.
പ്രതിഷേധക്കാർ എത്രയും വേഗം ജന്തർ മന്തർ ഒഴിയണമെന്നും സമാധാനപരമായി പിരിഞ്ഞുപോകണമെന്നും ന്യൂഡൽഹി ഡിസിപി അറിയിച്ചു.

