Home Nationalജന്തർ മന്തറിൽ നാടകീയ രംഗങ്ങൾ; നിരാഹാര സമരത്തിനിടെ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷിയൊഴിച്ച് ആക്രമണശ്രമം

ജന്തർ മന്തറിൽ നാടകീയ രംഗങ്ങൾ; നിരാഹാര സമരത്തിനിടെ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷിയൊഴിച്ച് ആക്രമണശ്രമം

by news_desk1
0 comments

ദില്ലി: ജന്തർ മന്തറിൽ നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ ആക്രമണശ്രമം. സി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു അജ്ഞാത സ്ത്രീ വേദിയിലെത്തി ദിപ്കെയുടെ നേരെ മഷിയൊഴിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് നാടകീയ രംഗങ്ങളുണ്ടായി.

മഷിയൊഴിച്ച സ്ത്രീ ആരാണെന്നോ എന്താണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ സി.ജെ.പി പ്രവർത്തകർ വേദിയിലേക്ക് ഓടിയെത്തിയെങ്കിലും, സ്ത്രീയെ തിരിച്ചാക്രമിക്കാൻ ശ്രമിച്ച പ്രവർത്തകരെ അഭിജീത് ദിപ്കെ തന്നെ തടഞ്ഞു. തുടർന്ന് പൊലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് മാറ്റി.

തനിക്കെതിരെ മഷിയൊഴിച്ചത് അംഗീകാരമായി കാണുന്നുവെന്നാണ് സംഭവത്തിന് പിന്നാലെ അഭിജീത് ദിപ്കെ പ്രതികരിച്ചത്. സമരവേദിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ പണം നൽകി ആളുകളെ അയക്കുകയാണെന്നും അതിന് പിന്നിൽ ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന് രാവിലെ മുതൽ ജന്തർ മന്തറിൽ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്. പരീക്ഷാ ക്രമക്കേടുകളും നീറ്റ് ചോദ്യപേപ്പർ ചോർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ പൊലീസ് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അഭിജീത് ദിപ്കെ നിരാഹാര സമരം ആരംഭിച്ചത്.

തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് മൺസൂൺ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ സി.ജെ.പി സംഘടിപ്പിക്കാൻ തീരുമാനിച്ച പാർലമെന്റ് മാർച്ചിന് 48 മണിക്കൂർ മുമ്പാണ് സോനം വാങ്ചുക്കിനെ സമരവേദിയിൽ നിന്ന് മാറ്റിയത്.

അതേസമയം, സോനം വാങ്ചുക്കിനെ ഇന്ന് തന്നെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിവരം. സഫ്ദർജംഗ് ആശുപത്രിയിലെ ചികിത്സയിൽ കുടുംബത്തിന് വിശ്വാസമില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാർലമെന്റ് മാർച്ചിൽ സോനം വാങ്ചുക്ക് പങ്കെടുക്കുമെന്നും അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടർ സതീഷ് ലാംബ അറിയിച്ചു.

You may also like