Home National‘സെക്കൻഡ് ക്ലാസ് യാത്രക്കാരൻ’ എന്ന പ്രയോഗം ഒഴിവാക്കണം; ട്രെയിൻ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയ്ക്ക് സുപ്രീംകോടതിയുടെ കർശന നിർദേശം

‘സെക്കൻഡ് ക്ലാസ് യാത്രക്കാരൻ’ എന്ന പ്രയോഗം ഒഴിവാക്കണം; ട്രെയിൻ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയ്ക്ക് സുപ്രീംകോടതിയുടെ കർശന നിർദേശം

by news_desk1
0 comments

ന്യൂഡൽഹി: ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. റെയിൽവേയുടെ നിയമാവലികളിൽ ഉപയോഗിക്കുന്ന ‘സെക്കൻഡ് ക്ലാസ് യാത്രക്കാരൻ’ എന്ന പ്രയോഗം ഒഴിവാക്കണമെന്നും, യാത്രക്കാരെ അത്തരത്തിൽ തരംതിരിക്കുന്നത് അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കോച്ചുകൾക്കാണ് ക്ലാസ് വേർതിരിവ് ബാധകമാകേണ്ടതെന്നും, യാത്രക്കാരെ ‘രണ്ടാം ക്ലാസ്’ എന്ന് വിശേഷിപ്പിക്കുന്നത് ഭരണഘടനയുടെ സമത്വ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

2025-ൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് മരിച്ച യാത്രക്കാരന്റെ ഭാര്യ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മെയ്കാപം കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക വിധി. അപകടത്തിൽ മരിച്ചയാളുടെ ടിക്കറ്റ് കണ്ടെത്താനായില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി റെയിൽവേ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മരിച്ചയാളുടെ ഭാര്യയ്ക്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി അനുവദിച്ചു.

ട്രെയിനുകളിൽ നിന്ന് വീണ് മരണങ്ങൾ അപൂർവ സംഭവങ്ങളല്ലെന്നും, റെയിൽവേയുടെ വലിയ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കണക്കുകൾ മാത്രമായി തോന്നാമെങ്കിലും, ബാധിക്കപ്പെടുന്ന കുടുംബങ്ങൾക്ക് ഇത് ജീവിതം തന്നെ തകർക്കുന്ന ദുരന്തമാണെന്നും കോടതി ഓർമ്മിപ്പിച്ചു.

അമിത തിരക്ക് മൂലമുണ്ടായ സമീപകാല അപകടങ്ങളും കോടതി വിധിയിൽ പരാമർശിച്ചു. നാല് യാത്രക്കാരുടെ മരണത്തിന് ഇടയായ മുംബൈ സബർബൻ ട്രെയിൻ അപകടവും മഹാ കുംഭമേളക്കാലത്ത് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കുംതിരക്കും ഉൾപ്പെടെയുള്ള സംഭവങ്ങൾ സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നതാണെന്ന് കോടതി വിലയിരുത്തി.

റെയിൽവേ കൊമേഴ്സ്യൽ മാനുവലിൽ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരെ കോച്ചുകളിലേക്ക് ക്രമമായി വിന്യസിക്കാനും സ്റ്റേഷൻ മാസ്റ്റർമാർക്കും ടിക്കറ്റ് പരിശോധന ഉദ്യോഗസ്ഥർക്കും വ്യക്തമായ മാർഗനിർദേശങ്ങൾ ഉണ്ടായിട്ടും അവ ഫലപ്രദമായി നടപ്പാക്കുന്നതിൽ പോരായ്മകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതുണ്ടെന്നും, ഇതിനായി രാജ്യത്തെ യുവാക്കൾക്ക് റെയിൽവേയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നത് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇത് യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനൊപ്പം മനുഷ്യജീവൻ സംരക്ഷിക്കാനും സഹായകരമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

സുരക്ഷയുടെ കാര്യത്തിൽ യാത്രക്കാർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും, സ്വന്തം ജീവൻ അപകടത്തിലാക്കുന്ന രീതിയിലുള്ള യാത്രകൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.

ടിക്കറ്റ് കണ്ടെത്താനായില്ലെന്ന കാരണത്താൽ നഷ്ടപരിഹാരം നിഷേധിച്ച റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിന്റെയും മധ്യപ്രദേശ് ഹൈക്കോടതിയുടെയും ഉത്തരവുകൾ തെറ്റാണെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്.

You may also like