കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പുവച്ചു. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഭരണം പിടിക്കാനല്ല, രാഷ്ട്രീയ ധാർമികതയുടെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയം നൽകിയതെന്ന് പാലാ നഗരസഭ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു. യുഡിഎഫിനുള്ളിൽ തന്നെ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും നഗരസഭയിൽ ഭരണനിർവഹണം താളം തെറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ചെറുപ്പക്കാരിയായ ഒരു ചെയർപേഴ്സൺ അധികാരത്തിലെത്തിയപ്പോൾ ഭരണത്തിന് പ്രതിപക്ഷം പിന്തുണ നൽകിയിരുന്നുവെന്നും, എന്നാൽ ഇപ്പോഴത്തെ സാഹചര്യം മാറിയെന്നും ബിജു പാലൂപ്പടവൻ പറഞ്ഞു. രാഷ്ട്രീയ ധാർമികത മുൻനിർത്തിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ആഴ്ച പ്രമേയം പാസാക്കിയിരുന്നു.
യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു
യുഡിഎഫ്–സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. നഗരസഭയിലെ സ്വതന്ത്ര അംഗങ്ങളായ പുളിക്കക്കണ്ടം കുടുംബത്തിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കാനുള്ള പ്രമേയമാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാസാക്കിയത്.
ഭരണം നിലനിർത്തുന്നതിനേക്കാൾ പാർട്ടിയുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ഉണ്ടായ വിവാദങ്ങളാണ് കോൺഗ്രസ് നേതൃത്വത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
ഡിവൈഎഫ്ഐക്ക് അനുകൂലമായി പ്രവർത്തിച്ചെന്നാരോപിച്ച് ദിയ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ അംഗീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.
അന്തിമ തീരുമാനം കെപിസിസിക്ക്
പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം. പലതവണ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ തേടിയത്.
ഒരുകാലത്ത് യുഡിഎഫിന്റെ അഭിമാന നേട്ടമായി വിലയിരുത്തപ്പെട്ട പാലാ നഗരസഭയിലെ ഭരണം ഇന്ന് തുടർച്ചയായ തർക്കങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. എംപിയും എംഎൽഎയും ഉൾപ്പെടെ വിവിധ നേതാക്കൾ ഇടപെട്ടിട്ടും പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടില്ല. ഇതിന്റെ തുടർച്ചയായാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയത്.

