Home Editorialമരുന്നില്ലാത്ത ആരോഗ്യകേരളം

മരുന്നില്ലാത്ത ആരോഗ്യകേരളം

by news_desk
0 comments

രോഗിയുടെ കൈയിലെ കുറിപ്പടിയിൽ മരുന്നുണ്ട്
സർക്കാർ ഫാർമസിയിൽ മാത്രം ‘സ്റ്റോക്കില്ല’

രോഗിയുടെ കൈയിൽ ഡോക്ടറുടെ കുറിപ്പടി. മുന്നിൽ സർക്കാർ ആശുപത്രിയിലെ ഫാർമസി. പക്ഷേ കൗണ്ടറിൽ നിന്ന് കേൾക്കുന്ന മറുപടി ഒന്ന് മാത്രം – ‘സ്റ്റോക്കില്ല, പുറത്തുനിന്ന് വാങ്ങണം.’ പാവപ്പെട്ട രോഗിയുടെ മുന്നിൽ ആരോഗ്യകേരളത്തിന്റെ യാഥാർഥ്യം ഇത്രയും ലളിതമായി മറ്റെങ്ങനെ എഴുതിവയ്ക്കാനാകും? പാരസെറ്റമോൾ മുതൽ ആന്റിബയോട്ടിക്കുകൾ വരെ, ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളിൽ നിന്ന് കാൻസർ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ വരെ ലഭ്യതക്കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. പേവിഷ പ്രതിരോധ മരുന്നുകളുടെ ലഭ്യതയിലും ആശങ്ക ഉയർന്നിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ടെൻഡർ നടപടികളിലെ കാലതാമസവും വിതരണക്കാരുടെ കുടിശ്ശികയും പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ പറയുന്നത് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ്. 855 അവശ്യ മരുന്നുകളിൽ 664 എണ്ണത്തിന് പർച്ചേസ് ഓർഡർ നൽകിയെന്നും 530 മരുന്നുകൾ ഇതിനകം ലഭിച്ചെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമുണ്ടായ കാലതാമസവും ചില വിതരണക്കാർ പിന്മാറിയതുമാണ് തടസ്സങ്ങൾക്ക് കാരണമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ കണക്കുകൾക്കും വിശദീകരണങ്ങൾക്കും ഇടയിൽ നിൽക്കുന്നത് രോഗിയാണ്. പ്രത്യേകിച്ച് സ്ഥിരമായി മരുന്ന് കഴിക്കേണ്ട പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുള്ളവർ. സർക്കാർ ആശുപത്രിയിൽ സൗജന്യമായി ലഭിക്കേണ്ട മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ടിവരുമ്പോൾ ചികിത്സയുടെ സാമ്പത്തികഭാരം വീണ്ടും രോഗിയുടെ ചുമലിലാകും. ആരോഗ്യസംരക്ഷണം സൗജന്യ പ്രഖ്യാപനങ്ങളുടെ കാര്യമല്ല; മരുന്ന് ആവശ്യമായ സമയത്ത് രോഗിയുടെ കൈയിലെത്തിക്കുന്ന സംവിധാനത്തിന്റെ കാര്യമാണ്. പ്രശ്നം മരുന്നിൽ മാത്രം ഒതുങ്ങുന്നില്ല. തൃശൂർ മെഡിക്കൽ കോളേജിലെ വൈദ്യുതി തടസ്സത്തെ തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്ന സംഭവം ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനത്തെക്കുറിച്ചും ചോദ്യമുയർത്തുന്നു. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ തകരാറിനെ തുടർന്ന് മൃതദേഹങ്ങൾ അഴുകിയെന്ന പരാതി മറ്റൊരു അസ്വസ്ഥപ്പെടുത്തുന്ന മുന്നറിയിപ്പാണ്. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന ഫ്രീസറും മൊബൈൽ ഫ്രീസറും ഉണ്ടായിരുന്നെങ്കിലും അവയുടെ പ്രവർത്തനക്ഷമത സംബന്ധിച്ച് പരാതിയുയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നടപടിയുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഒരു സംഭവമുണ്ടാകേണ്ടി വരുന്നു, അതിന് ബദലുണ്ടാക്കാൻ എന്നത് എത്ര ലാഘവമാണ്. ഇവയെല്ലാം കൂട്ടിവായിക്കുമ്പോൾ ചോദിക്കേണ്ടത് ആരാണ് കുറ്റക്കാരൻ എന്നതല്ല. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സംവിധാനത്തിൽ എന്താണ് മാറേണ്ടത് എന്നതാണ്.
മരുന്ന് വാങ്ങുന്നതിന് ടെൻഡർ വേണം. ടെൻഡറിന് നടപടിക്രമം വേണം. വിതരണക്കാരന് സമയബന്ധിതമായ പണം നൽകണം. ആശുപത്രിയിലെത്തുന്ന മരുന്നിന്റെ സ്റ്റോക്ക് നിരന്തരം നിരീക്ഷിക്കണം. വൈദ്യുതി, ഓക്സിജൻ, മോർച്ചറി, ലാബ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഇതിൽ ഏതെങ്കിലും ഒരു കണ്ണി തകരുമ്പോൾ അതിന്റെ വില നൽകുന്നത് രോഗിയാണ്.
അതുകൊണ്ട് താൽക്കാലികമായ ലോക്കൽ പർച്ചേസ് കൊണ്ട് മാത്രം പ്രശ്നം അവസാനിപ്പിക്കാനാകില്ല. വിതരണ ശൃംഖലയെ അടിമുടി പുനഃപരിശോധിക്കേണ്ട സമയമാണിത്. ഏത് മരുന്നാണ് എവിടെ കുറയുന്നത്, എത്ര ദിവസം സ്റ്റോക്ക് ബാക്കിയുണ്ട്, അടുത്ത വിതരണം എപ്പോൾ എത്തും – ഇതെല്ലാം പൊതുജനങ്ങൾക്ക് വ്യക്തമായി അറിയാൻ കഴിയുന്ന റിയൽടൈം സ്റ്റോക്ക് നിരീക്ഷണ സംവിധാനം വേണം. കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ നേട്ടങ്ങൾ ചർച്ച ചെയ്യുമ്പോൾ അതിനൊപ്പം അതിന്റെ ദൗർബല്യങ്ങളും തുറന്നുപറയാനുള്ള ധൈര്യം വേണം. മരുന്ന് ക്ഷാമം മറച്ചുവെക്കുന്നതല്ല പരിഹാരം; കാരണം കണ്ടെത്തി തിരുത്തുന്നതാണ് ഭരണത്തിന്റെ ഉത്തരവാദിത്വം. 

You may also like