Home Internationalപുടിൻ്റെ വസതിയ്ക്ക് നേരെ നടന്ന യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് റഷ്യ

പുടിൻ്റെ വസതിയ്ക്ക് നേരെ നടന്ന യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് റഷ്യ

by news_desk
0 comments

മോസ്കോ: റഷ്യൻ പ്രസി‍ഡൻ്റ് വ്ളാഡിമിർ പുടിൻ്റെ ഔദ്യോ​ഗിക വസതിക്ക് നേരെ യുക്രെയ്ൻ്റെ ഡ്രോൺ ആക്രമണം നടന്നുവെന്ന ആരോപണത്തിന് പിന്നാലെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ക്രെംലിൻ. പുടിൻ്റെ വസതിക്ക് നേരെ ആവർത്തിച്ച് നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് റഷ്യ പുറത്ത് വിട്ടത്. പുടിൻ്റെ വസതിയിൽ നടത്തിയ ആക്രമണത്തിനിടെ റഷ്യ തകർത്ത യുക്രേനിയൻ ഡ്രോണിൻ്റെ ദൃശ്യവും പുറത്ത് വിട്ട വീഡിയോയിലുണ്ട്. ആറ് കിലോ​ഗ്രാം സ്ഫോടക വസ്തു വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഡ്രോൺ എന്നാണ് റിപ്പോർട്ട്.

പുടിൻ്റെ വസതിക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തിയിരുന്നു.
“റഷ്യൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അതീവ ആശങ്കയുണ്ട്. ശത്രുത അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള ഏറ്റവും പ്രായോഗികമായ മാർഗം നിലവിലുള്ള നയതന്ത്ര ശ്രമങ്ങളാണ്. ഈ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു എന്നായിരുന്നു നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡി പോസ്റ്റിലൂടെയുള്ള പ്രതികരണം.

പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ വസതിയ്ക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി ഡിസംബർ 29നായിരുന്ന റഷ്യ ആരോപിച്ചത്. മോസ്കോയ്ക്കും സെന്റ് പീറ്റേഴ്‌സ്ബർഗിനും ഇടയിലുള്ള വ്‌ളാഡിമിർ പുടിന്റെ വസതിയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ആരോപിച്ചത്. നോവ്ഗൊറോഡ് മേഖലയിലെ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ വന്ന 91 ഡ്രോണുകൾ തകർത്തതായാണ് ലാവ്‌റോവ് വെളിപ്പെടുത്തിയത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി നടക്കുന്ന സമാധാന ചർച്ചകളിൽ റഷ്യ നിലപാട് മാറ്റുമെന്നും ലാവ്റോവ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

എന്നാൽ ഈ ആരോപണം യുക്രെയ്ൻ നിഷേധിച്ചിരുന്നു. സാധാരണ റഷ്യൻ നുണയെന്ന് പരിഹസിച്ചായിരുന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി റഷ്യയുടെ ആരോപണം നിഷേധിച്ചത്. ‘പ്രസിഡന്റ് ട്രംപിന്റെ ടീമുമായുള്ള ഞങ്ങളുടെ നയതന്ത്ര ശ്രമങ്ങളുടെ എല്ലാ നേട്ടങ്ങളെയും ദുർബലപ്പെടുത്തുന്നതിന് അപകടകരമായ പ്രസ്താവനകൾ റഷ്യ ഉപയോഗിക്കുന്നുവെന്നും’ എക്സ് പോസ്റ്റിലൂടെ സെലൻസ്കി വിമർശിച്ചു. ‘റെസിഡൻസ് സ്ട്രൈക്ക്’ എന്ന കഥ കീവിൽ ഉൾപ്പെടെ യുക്രെയ്നെതിരായി കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിനും യുദ്ധം അവസാനിപ്പിക്കാതിരിക്കാനുള്ള റഷ്യൻ നീക്കത്തെ ന്യായീകരിക്കാനും ഉള്ളതാണെന്നും സെലൻസ്കി കുറ്റപ്പെടുത്തി. എല്ലാവരും ഇപ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കീവിൽ റഷ്യ ആക്രമണം നടത്തിയേക്കാമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 32 പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ ചർച്ച ചെയ്യാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി അമേരിക്കൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുശേഷം യൂറോപ്യൻ നേതാക്കളുമായും സെലൻസ്കി ചർച്ച നടത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഡോൺബാസ്, ക്രൈമിയ തുടങ്ങിയ പ്രദേശങ്ങൾ യുക്രെയ്ൻ റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നാണ് ട്രംപിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന സമാധാന കരാറിലെ പ്രധാന ധാരണകളിലൊന്നെന്നാണ് റിപ്പോർട്ട്. യുദ്ധം നടക്കുന്ന ഇപ്പോഴത്തെ അതിർത്തികൾ അതേപടി അംഗീകരിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു. യുക്രെയ്നെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്തില്ലെന്ന ഉറപ്പും റഷ്യ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വ്യവസ്ഥകൾ അം​ഗീകരിക്കാനാകില്ലെന്നാണ് യുക്രെയ്ൻ നിലപാട്.

Highlights: Russia releases video o Ukrainian ‘dron Attack on Vladimir Putin’s residence

You may also like