കേരളത്തിന്റെ കാർഷിക രംഗത്ത് എല്ലാക്കാലത്തും തലവേദനയായി മാറിയിരിക്കുന്ന നെല്ല് സംഭരണ ചുമതല സഹകരണ സംഘങ്ങൾക്ക് നൽകാനുള്ള തീരുമാനം ഉചിതമാണ്. പി.ആർ.എസ് അധിഷ്ഠിതമായ വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കിക്കൊണ്ട് സംഭരിച്ചതിനുശേഷം സമയം വൈകാതെ തന്നെ കർഷകർക്ക് നേരിട്ട് നെല്ലിൻറെ വില നൽകാനും. ജില്ലാ താലൂക്ക് തലത്തിൽ സഹകരണ സംഘങ്ങളുടെയും പാടശേഖരസമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘങ്ങൾ രൂപീകരിക്കാനും അനുബന്ധമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ചേർന്ന് ഉന്നത യോഗത്തിൽ തീരുമാനിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് തന്നെ ഏറെ പ്രത്യാശ പകരുന്ന പുതുവത്സര തീരുമാനമാണ്. പക്ഷേ, പരിപൂർണ്ണമായി ഇത് വിജയത്തിൽ എത്തിക്കണം. ഇതിനുമുമ്പ് 2023 ലും അതിനുമുമ്പും സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി സർക്കാർ നെല്ല് സംഭരണത്തിന് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതാണ് ഫലം.
അന്നത്തെ പ്രധാനപ്പെട്ട തിരിച്ചടിയായിരുന്നത് ഭൂരിഭാഗം സംഘങ്ങൾക്കും നെല്ല് സംഭരിക്കാനുള്ള ഗോഡൗണുകൾ ഇല്ലാത്തതും സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയും ആയിരുന്നു. ഇന്ന് അത്തരം കാര്യങ്ങളിൽ സർക്കാരിന് ഒരു അവബോധം ഉണ്ടെന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. സാമ്പത്തിക പിന്തുണ നൽകുന്നതിന് കേരള ബാങ്കിനെ ചുമതലപ്പെടുത്തിയ തീരുമാനം അത്തരത്തിലുള്ളതാണെന്ന സൂചന നൽകുന്നതാണ്. എന്നാൽ അത് ഫലപ്രദമായി നടപ്പിലാക്കുകയാണ് വേണ്ടത്. മുമ്പ് രണ്ട് തവണ പരീക്ഷിച്ചു പരാജയപ്പെട്ട പദ്ധതി എന്നുള്ള വിഴുപ്പ് ഇതിൻ്റെ ഒപ്പം ഉണ്ട്. പാടത്ത് പണി വരമ്പത്ത് കൂലി പഴമൊഴിയെ അർഥവത്താക്കാൻ ശരിയായ രീതിയിൽ സഹകരണ സംഘങ്ങൾ വഴിയുള്ള നെല്ല് സംഭരണം ഉപയോഗിക്കപ്പെടും ഇതിനാവശ്യം സഹകരണ സംഘങ്ങളും കർഷകരും തമ്മിലുള്ള ഐക്യവും സാമ്പത്തിക പിന്തുണയുമാണ്. നെല്ല് സംഭരണത്തിന്റെ ചുമതല നൽകുന്ന സഹകരണ സംഘങ്ങൾക്ക് അതിന് അടിസ്ഥാനപരമായ ശേഷി ഉണ്ടോയെന്ന് സർക്കാർ നേരിട്ടുതന്നെ ഉറപ്പുവരുത്തണം. പ്രഖ്യാപനങ്ങൾക്കപ്പുറം നിരന്തരമായ വിലയിരുത്തലുകളും ആവശ്യമായ തിരുത്തലുകളും സമയബന്ധിതമായി നടത്താൻ ശ്രമിക്കാത്തതാണ് പലപ്പോഴും പരാജയപ്പെടുന്നതിന് കാരണങ്ങളായി ഭവിക്കാറുള്ളത്.
ഇനിയും ആ തെറ്റ് ആവർത്തിക്കാൻ പാടില്ല. മണ്ണിൽ പണിയെടുത്ത് പൊന്നു വിളയിക്കുന്ന കർഷകന് അവൻ്റെ വിയർപ്പിന്റെ വില ലഭിക്കണം. കർഷകന്റെയും കൃഷിയുടെയും പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയുകയും അതിനായി പോരാട്ടങ്ങൾ നടത്തുകയും ചെയ്തിരുന്ന സർക്കാർ ഭരണത്തിൻ കീഴിൽ കർഷകർ അത് ആഗ്രഹിക്കുന്നുണ്ട് അത് അവകാശമായി അവരുടെ സർക്കാർ നൽകുമെന്നുള്ള പ്രതീക്ഷയും ഇപ്പോഴും നിറഞ്ഞ ആത്മവിശ്വാസത്തോട് കൂടി കർഷകർ പുലർത്തുന്നുമുണ്ട്. കൂടാതെ സംസ്ഥാനത്തെ കാർഷിക രംഗത്ത് നൂതനമായ പദ്ധതികൾ കൊണ്ടുവന്ന് വിപുലീകരിക്കേണ്ടതുണ്ട്. രാസവളത്തിന്റെ അമിതമായ ഉപയോഗം സമസ്ത വിളകളുടെയും സ്വാഭാവികതയെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിനും കൂടി പരിഹാരം ഉണ്ടാവണം. അപ്രവചനീയമായ കാലാവസ്ഥ വ്യത്യയാനങ്ങൾ, പലതരം വൈറസുകളുടെയും രോഗാണുക്കളുടെയും സാന്നിധ്യം കൃഷിയിടങ്ങളിൽ ദൃശ്യമാകുമ്പോൾ അതിനെ ഏതുവിധത്തിൽ നേരിടണം എന്നതിലെല്ലാം കർഷകർക്ക് ഇപ്പോഴും വ്യക്തമായ ധാരണയില്ല. ഈ പുതിയ കാലത്തും തുടരുന്ന ഇത്തരം അവ്യക്തതകൾ ആണ് കർഷക മേഖലയുടെയും കർഷകരുടെയും അഭിവൃദ്ധിയെയും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിക്കുന്നത്. കാർഷിക സർവകലാശാലയിലെ ഗവേഷകര വിദഗ്ധരെ ഉപയോഗപ്പെടുത്തി സാഹചര്യങ്ങളെ നേരിടാൻ പര്യാപ്തതയ്ക്ക് കേരള കർഷക സമൂഹത്തെ എത്തിക്കേണ്ടതുണ്ട്.

