തൃശൂർ. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഈ വർഷത്തെ ഏറ്റവും വേറിട്ടും ഓർമിക്കപ്പെടാവുന്നതുമായ സാന്നിധ്യമായി മാറുന്നത് കെ.പി.സി. അധ്യാപക സംഘടനയുടെ ഭക്ഷണ കമ്മിറ്റി ഒരുക്കിയ “ഭക്ഷണപ്പുരയിലെ കലയൂട്ട്” ആണ്. സേവനത്തിന്റെ ഇടം കലയുടെ വേദിയാക്കുന്ന ഈ ആശയം കലോത്സവ നഗരിക്ക് ഒരു പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്.
ജനുവരി 14ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ വേദി ഉദ്ഘാടനം നിർവഹിച്ചു. കലയൂട്ട് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ശ്രീ. ജയരാജ് വാര്യരും നിർവഹിച്ചു. മത്സരാർത്ഥികളായെത്തുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും, കലോത്സവവുമായി ബന്ധപ്പെട്ട് എത്തിയ കലാസ്നേഹികൾക്കും ഒരുപോലെ ആശ്വാസവും ആസ്വാദനവും പകരുന്ന വേദിയായി ഭക്ഷണപ്പുര ഇതോടെ മാറി.
ജനുവരി 14 മുതൽ 18 വരെ നീളുന്ന ഈ കലാവേദിയിൽ പ്രായഭേദമന്യേ ഏവർക്കും വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഭക്ഷണത്തിനൊപ്പം കലയും പങ്കുവെക്കുന്ന, സൗഹൃദവും സഹകരണവും നിറഞ്ഞ ഒരു ഇടമായി കലയൂട്ട് വേദി മാറുകയാണ്.
ഫ്ലവേഴ്സ് ടോപ് സിംഗർ വേദിയിലൂടെ ശ്രദ്ധ നേടിയ സ്നേഹ ജോൺസന്റെ ഗാനസന്ധ്യ, പ്രേംനസീർ കലാസാംസ്കാരിക സമിതിയുടെയും ,ആറാട്ടുപുഴ സ്വരസാഗരയിലെ കലാകാരന്മാരുടെയും അവതരണങ്ങൾ, വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ പ്രകടനങ്ങളെല്ലാം ചേർന്ന് കലയൂട്ടിനെ കലോത്സവത്തിന്റെ ഹൃദയത്തോട് ചേർന്ന അനുഭവമാക്കി മാറ്റുന്നു.
ഭക്ഷണപ്പുര വെറും സേവനകേന്ദ്രമല്ല, കലയുടെ ഉത്സവവേദിയുമാക്കാമെന്ന് തെളിയിക്കുന്നതാണ് “ഭക്ഷണപ്പുരയിലെ കലയൂട്ട്”—കലോത്സവത്തിന്റെ ആത്മാവിനെ കൂടുതൽ മനുഷ്യസ്നേഹപൂർണ്ണമാക്കുന്ന കലയൂട്ട് പ്രോഗ്രാമിൻ്റെ കൺവീനർ ഗവ ഹൈസ്കൂൾ പൂങ്കുന്നം ജിജേഷ് മാസ്റ്ററാണ്.
19
previous post

