ടെഹ്‌റാൻ/ടെല്‍ അവീവ്. തെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് അയവില്ല. ഇറാന്‍ ആക്രമിച്ചെന്ന വാദവുമായി ഓസ്‌ട്രേലിയ രംഗത്തെത്തി. ദുബായ്ക്ക് സമീപമുള്ള അല്‍ മിന്‍ഹാദ് വ്യോമതാവളം ആക്രമിച്ചെന്നാണ് ഓസ്‌ട്രേലിയ പറയുന്നത്. ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സൈനികര്‍ സുരക്ഷിതരാണെന്നും റിച്ചാര്‍ഡ് മാര്‍ലെസ് ചൂണ്ടിക്കാട്ടി.
അതിനിടെ റിയാദില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വകുപ്പ് അറിയിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. പിന്നാലെ റിയാദിലെ നയതന്ത്ര മേഖലയില്‍ രണ്ട് സ്‌ഫോടനങ്ങള്‍ കൂടി ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു.
ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാന്‍ നടപടി കടുപ്പിച്ചു. ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഐആര്‍ജിസി അറിയിച്ചു. അതേസമയം ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. മാസങ്ങള്‍ക്കകം ഇറാന്റെ ബാലിസ്റ്റിക് മിസൈലും ആണവ പദ്ധതികളും പൂര്‍ണമായി ശക്തിപ്പെടും എന്നതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇറാനിലെ ആണവ ബോംബ് പദ്ധതികള്‍ക്കും ബാലിസ്റ്റിക് മിസൈലുകള്‍ക്കും നേരെ മുമ്പ് നടത്തിയ ആക്രമണങ്ങളില്‍നിന്നും അവര്‍ പാഠം പഠിച്ചുവെന്നാണ് കരുതിയതെങ്കില്‍ തെറ്റി, അവര്‍ ഒരുമാറ്റവും വരാത്ത മതഭ്രാന്തന്മാരാണ്. അവരുടെ ലക്ഷ്യം തന്നെ അമേരിക്കയെ നശിപ്പിക്കുക എന്നതാണെന്നും നെതന്യാഹു പറഞ്ഞു.
Live Updates
മുപ്പത് മണിക്കൂറില്‍ ഇസ്രയേൽ ഇറാനില്‍ വർഷിച്ചത് 2,000 ബോംബുകളെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രതിരോധ സേനയെ ഇദ്ധരിച്ച് ദി ടൈംസ് ഓഫ് ഇസ്രയേലാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെയായിരുന്നു ഇറാന് നേരെ ഇസ്രയേല്‍ ആദ്യ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം മൂന്ന് ദിവസം പിന്നിട്ടു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ദുബായില്‍ കുടുങ്ങിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധു നാട്ടില്‍ തിരിച്ചെത്തി. പി വി സിന്ധു തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. സുരക്ഷിതമായി ബെംഗളൂരുവില്‍ തിരിച്ചെത്തിയതായി സിന്ധു എക്‌സില്‍ കുറിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ അനിശ്ചിതത്വത്തിന്റേതായിരുന്നുവെന്നും എന്നാല്‍ വീട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സിന്ധു പറഞ്ഞു.
ഇറാഖിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. വടക്കന്‍ ഇറാഖിലെ എര്‍ബില്‍ എയര്‍പ്പോര്‍ട്ടിന് സമീപത്തെ യുഎസ് സൈനിക താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പിന്‍ഗാമിയെ ഉടന്‍ തീരുമാനിക്കുമെന്ന് വിവരം. ഇത് സംബന്ധിച്ച നടപടികള്‍ അധികം നീളില്ലെന്നാണ് ഇറാനിയന്‍ പുരോഹിതനെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തെഹ്‌റാനിലെ നിലൂഫര്‍ സ്‌ക്വയറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍
ഇറാനിലെ സ്‌കൂളുകളും ആശുപത്രികളും ആക്രമിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി യുഎന്‍. രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.
വിമാനമില്ലാത്തതിനെ തുടര്‍ന്ന് പതിനാറ് പേര്‍ അബുദാബിയില്‍ കുടുങ്ങി. യുകെ, കാനഡ എന്നിവിടങ്ങളിലെ യാത്രികരാണ് കുടുങ്ങിയത്. നാല് ദിവസമായി ഇവര്‍ അബുദാബിയിലെ ഹോട്ടലില്‍ കഴിയുകയാണ്. യുദ്ധത്തിന്റെ പശ്ചാലത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് യാത്രികര്‍ കുടുങ്ങിയത്.
ലെബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ ഹാരറ്റ് ഹ്രെയ്ക്ക് മേഖലയിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ഒരു മണിക്കൂറിനിടെ അടുപ്പിച്ച് രണ്ട് ആക്രമണങ്ങളാണ് ഇവിടെ നടന്നത്.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോയുടെ വാദം തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്ക ആക്രമണം നടത്തിയത് ഇസ്രയേലിന് വേണ്ടിയാണെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്‍ ഒരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തിയിട്ടില്ലെന്നും അരാഗ്ചി പറഞ്ഞു. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന് യുഎസ് അറിഞ്ഞിരുന്നുവെന്നും തെഹ്‌റാനിലെ യുഎസ് കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യംവെയ്ക്കുമെന്ന് കരുതിയാണ് യുദ്ധത്തിൽ ഭാഗമായതെന്നുമായിരുന്നു മാര്‍ക്ക് റൂബിയോ പറഞ്ഞത്.
വടക്കന്‍ ഇസ്രയേലിലെ വ്യോമതാവളം ആക്രമിച്ചെന്ന് ഹിസ്ബുള്ള. റാമത്ത് ഡേവിഡ് വ്യോമതാവളം ആക്രമിച്ചെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാദം.
ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.
കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് സോണിയ ഗാന്ധി ചോദിച്ചു. ഇത് നിഷ്പക്ഷതയല്ല. ഇന്ത്യയുടെ വിദേശനയത്തില്‍ സംശയങ്ങള്‍ ഉയരുന്നതായും സോണിയ ഗാന്ധി പറഞ്ഞു.
സൗദിക്ക് നേരെ വീണ്ടും ആക്രമണം. റിയാദിലേക്കും അല്‍ ഖര്‍ജിലേക്കുമെത്തിയ എട്ട് ഡ്രോണുകള്‍തടഞ്ഞെന്ന് സൗദി അറിയിച്ചു.
ഇറാനെ ആക്രമിക്കാന്‍ കാരണം അവര്‍ മാസങ്ങള്‍ക്കം ബാലിസ്റ്റിക് മിസൈലുകളിലൂടെയും ആണവ പദ്ധതികളിലൂടെയും പ്രതിരോധം തീര്‍ക്കും വിധം ശക്തിപ്പെടും എന്നതിനാലാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മാസങ്ങള്‍ക്കകം ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍, അണു ബോംബ് നിര്‍മാണ പദ്ധതികളടക്കം പൂര്‍ണമായി ശക്തിപ്പെടും. അവര്‍ പ്രതിരോധം തീര്‍ക്കും. ഇക്കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും നെതന്യാഹു പറഞ്ഞു. ഫോക്‌സ് ന്യൂസിനോടായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച് യുഎസ്. കറാച്ചിയിലെ എംബസിക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിസ നല്‍കുന്നത് യുഎസ് നിര്‍ത്തിയത്. ഇസ്‌ലാമാബാദ്, ലാഹോര്‍, കറാച്ചി കോണ്‍സുലേറ്റുകള്‍ക്ക് യുഎസ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. മാര്‍ച്ച് ആറുവരെ വിസ അപേക്ഷകള്‍ സ്വീകരിക്കില്ല
ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട സംഭവത്തില്‍ ജമ്മു കശ്മീരില്‍ വ്യാപക പ്രതിഷേധം. പതിനാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും അടഞ്ഞു കിടക്കും. കശ്മീര്‍ താഴ്‌വരയില്‍ മാത്രം ഇന്നലെ 75-ഓളം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വിട്ടയക്കണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. സാഹചര്യം തിരിച്ചറിഞ്ഞ് വനിതകള്‍ അടക്കമുള്ളവരെ വിട്ടയക്കണം. ഡിജിപി അടിയന്തര ഇടപെടല്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഖത്തര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യക്കാര്‍ പാലിക്കണം ദോഹയിലെ ഇന്ത്യന്‍ എംബസി. സ്ഥിരീകരിച്ചതും ഔദ്യോഗികവുമായ വിവരങ്ങള്‍ മാത്രം ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. പൊതു സുരക്ഷ ഉറപ്പാക്കാന്‍ വീടിനുള്ളില്‍ തന്നെ തുടരണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ പുറത്തിറങ്ങരുത്. ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്നും എംബസി ആവശ്യപ്പെട്ടു.
