Home Keralaപാചകവാതകവും കുടിവെള്ളവും ഇല്ല; തിരുവനന്തപുരം സി.ഇ.ടി കോളേജ് താൽക്കാലികമായി അടച്ചു

പാചകവാതകവും കുടിവെള്ളവും ഇല്ല; തിരുവനന്തപുരം സി.ഇ.ടി കോളേജ് താൽക്കാലികമായി അടച്ചു

by news_desk
0 comments

തിരുവനന്തപുരം: പാചകവാതക ക്ഷാമവും കുടിവെള്ള വിതരണ തടസ്സവും രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം സി.ഇ.ടി എൻജിനിയറിങ് കോളേജ് താൽക്കാലികമായി അടച്ചു. ഇന്ന് മുതൽ 19 വരെ കോളേജിന് അവധി നൽകാൻ അധികൃതർ തീരുമാനിച്ചു. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് നടപടി.

കോളേജിലെ ഔദ്യോഗിക ഹോസ്റ്റലുകളിൽ എൽപിജി തീർന്നതും നഗരത്തിലെ വിവിധ മേഖലകളിൽ കുടിവെള്ള വിതരണം മുടങ്ങിയതുമാണ് വിദ്യാർത്ഥികൾക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസങ്ങളായി ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ വിദ്യാർത്ഥികൾ പ്രയാസത്തിലായിരുന്നു.

പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് ശ്രീകാര്യം, ഉള്ളൂർ മേഖലകളിൽ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നാലുദിവസമായി ജലവിതരണം തടസ്സപ്പെട്ടിട്ടുണ്ട്. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടുക്കോണം, സൈനിക് സ്കൂൾ, ചെങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ട്കടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട തുടങ്ങിയ വാർഡുകളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെട്ടത്.

ആദ്യഘട്ടത്തിൽ കോളേജ് അടയ്ക്കാൻ അധികൃതർ തയ്യാറായിരുന്നില്ലെങ്കിലും വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ വിഷയത്തെക്കുറിച്ച് വൈസ് ചാൻസലറെ ബോധിപ്പിച്ചതിനെ തുടർന്ന് അവധി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനോടൊപ്പം ചില പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പ്രോജക്ട് പ്രസന്റേഷൻ, സെമസ്റ്റർ വാല്യുവേഷൻ, ഇന്റേണൽ പരീക്ഷകൾ എന്നിവ പുനഃക്രമീകരിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

അതേസമയം, പാചകവാതക ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ കാൻറീനും രണ്ട് ദിവസമായി പ്രവർത്തനരഹിതമാണ്. ജ്യൂസ് മാത്രമാണ് നിലവിൽ ലഭിക്കുന്നത്. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് നൽകാൻ ചൂടുവെള്ളം പോലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പുറത്തുള്ള ഹോട്ടലുകളിലും കാൻറീനുകളിലും തിരക്കിനൊപ്പം ഭക്ഷണത്തിന് ഇരട്ടി വില ഈടാക്കുന്നതായും ആരോപണമുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ ഉണ്ടായ പ്രതിസന്ധി തുടരുകയാണ്. ഇതിന്റെ പ്രത്യാഘാതം വിവിധ മേഖലകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

You may also like