Home Top Storiesസിപിഐ വിട്ട സി.സി. മുകുന്ദൻ ബിജെപിയിൽ; ‘പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പ്രസ്ഥാനം’ എന്ന് പ്രതികരണം

സിപിഐ വിട്ട സി.സി. മുകുന്ദൻ ബിജെപിയിൽ; ‘പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പ്രസ്ഥാനം’ എന്ന് പ്രതികരണം

by news_desk
0 comments

തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ‘നമോ ഭവൻ’ സന്ദർശിച്ചാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന നേതാവ് എ.എൻ. രാധാകൃഷ്ണൻ ഷാൾ അണിയിച്ച് മുകുന്ദനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപി ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും തനിക്ക് പിന്തുണ നൽകിയ ഈ പ്രസ്ഥാനത്തോട് കൂറുപുലർത്തുമെന്നും അംഗത്വം സ്വീകരിച്ച ശേഷം സി.സി. മുകുന്ദൻ പറഞ്ഞു. നാട്ടികയിൽ ബിജെപി തന്നെ സ്ഥാനാർഥിയാക്കുമെന്നും പാർട്ടി പിന്തുണ ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ‘പേയ്മെന്റ് സീറ്റ്’ ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുന്നതായും മുകുന്ദൻ ആവർത്തിച്ചു. കോൺഗ്രസ് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിൽ പാർട്ടി നേതാക്കളുമായി അദ്ദേഹം മുൻപ് ചർച്ച നടത്തിയിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് കോൺഗ്രസ് സ്വതന്ത്രമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ തീരുമാനിച്ചതോടെയാണ് മുകുന്ദൻ ബിജെപി നേതാക്കളുമായി ബന്ധപ്പെടുന്നത്.

നാട്ടികയിൽ സുനിൽ ലാലൂരിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കാനാണ് നീക്കം. മുകുന്ദൻ വിമതനായി മത്സരിച്ചാൽ സിപിഐയുടെ വോട്ടുകൾ ഭിന്നിക്കുമെന്നും അതിലൂടെ യുഡിഎഫ് സ്ഥാനാർഥിക്ക് നേട്ടമുണ്ടാകാമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് സിപിഐ കഴിഞ്ഞ ദിവസം സി.സി. മുകുന്ദനെ പുറത്താക്കിയത്. മണ്ഡലത്തിൽ മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഗീതാ ഗോപിയുടെ സ്ഥാനാർത്ഥിത്വം ‘പേയ്മെന്റ് സീറ്റ്’ ആണെന്ന് ആരോപിച്ച മുകുന്ദൻ, പണം സമാഹരിക്കാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നുമായിരുന്നു ആരോപണം.

ആദ്യഘട്ടത്തിൽ കോൺഗ്രസ് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പിന്നീട് നേതൃത്വം പിന്മാറിയത് മുകുന്ദന് രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.

You may also like