പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പോത്തുപ്പാറയിൽ പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി തിരികെ പോകുന്നതിനിടെയാണ് ലോറിയിൽ തീപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
എതിരെ വാഹനത്തിൽ എത്തിയവർ ലോറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുത്തി ഡ്രൈവറെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.
വിവരമറിഞ്ഞ് കോന്നി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എന്നാൽ അപ്പോഴേക്കും ടിപ്പർ ലോറി പൂർണമായും കത്തിനശിച്ചിരുന്നു.
തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് പ്രാഥമിക കാരണമെന്നാണ് വിലയിരുത്തൽ. കൂടൽ പൊലീസ് സ്ഥലത്തെത്തി വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ പരിശോധന നടത്തും.
