അബുദാബി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിരുന്ന വ്യോമപാത യുഎഇ വീണ്ടും തുറന്നു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തെ തുടർന്നാണ് ഇന്ന് പുലർച്ചെ വ്യോമപാത അടച്ചത്. ഇത് ‘അസാധാരണ മുൻകരുതൽ നടപടി’യുടെ ഭാഗമായ താൽക്കാലിക തീരുമാനമാണെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം വ്യോമഗതാഗതം പുനഃരാരംഭിച്ചു.
ഇതിനിടെ യുഎഇക്കെതിരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി അധികൃതർ അറിയിച്ചു. ആക്രമണശ്രമങ്ങൾ വിജയകരമായി പ്രതിരോധിച്ചതായും വ്യക്തമാക്കി. അബുദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിൽ ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിലും ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു.
സുരക്ഷാ സാഹചര്യം പരിഗണിച്ച് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരും. മാർച്ച് 22 വരെ പ്രഖ്യാപിച്ചിരുന്ന സ്പ്രിംഗ് അവധിക്ക് ശേഷം കൂടി രണ്ടാഴ്ച ഓൺലൈൻ പഠനം തുടരാനാണ് തീരുമാനം. നഴ്സറി മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഇതിന് വിധേയമാകും.
അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് 35 പേരെ യുഎഇയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇവരിൽ 19 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം.

