കാബൂൾ: അഫ്ഗാനിസ്ഥാനിലെ തലസ്ഥാനമായ കാബൂളിൽ നടന്ന വ്യോമാക്രമണത്തിൽ വൻ മനുഷ്യഹാനി ഉണ്ടായതായി റിപ്പോർട്ട്. ആശുപത്രി കെട്ടിടത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായും 250ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു. 2000 കിടക്ക ശേഷിയുള്ള വലിയ ആശുപത്രിക്കു നേരെയാണ് രാത്രിയിൽ ആക്രമണമുണ്ടായതെന്നാണ് വിവരം.
അതേസമയം ആക്രമണം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതാണെന്നും സാധാരണ പൗരന്മാർക്ക് ദോഷമുണ്ടായിട്ടില്ലെന്നും പാകിസ്താൻ പ്രതികരിച്ചു. ആശുപത്രിയെ ലക്ഷ്യമിട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തീവ്രവാദ കേന്ദ്രങ്ങളെയും അവയ്ക്ക് പിന്തുണ നൽകുന്ന സൗകര്യങ്ങളെയും മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വക്താവ് വ്യക്തമാക്കി.
സംഭവത്തെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെ അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ ആക്രമണത്തെ അപലപിച്ചു. സാധാരണ ജനങ്ങൾക്കും ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്നും മനുഷ്യജീവിതങ്ങളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. റമദാൻ മാസത്തിൽ ഇത്തരത്തിലുള്ള ആക്രമണം ആശങ്കയും വേദനയും ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ കടുത്ത ആശങ്കകൾക്ക് വഴിവെക്കുകയാണ്.

