Home Internationalഖത്തറിലെ എൽഎൻജി പ്ലാന്റുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യയിൽ കടുത്ത ഇന്ധന പ്രതിസന്ധിക്ക് സാധ്യത

ഖത്തറിലെ എൽഎൻജി പ്ലാന്റുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യയിൽ കടുത്ത ഇന്ധന പ്രതിസന്ധിക്ക് സാധ്യത

by news_desk
0 comments

ദോഹ: ഖത്തറിലെ തന്ത്രപ്രധാനമായ പ്രകൃതിവാതക പ്ലാന്റുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഖത്തറിലെ റാസ് ലഫാൻ, മെസൈയീദ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലെ ദ്രവീകൃത പ്രകൃതിവാതക (LNG) പ്ലാന്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഖത്തറിന്റെ ആകെ എൽഎൻജി ശേഖരത്തിന്റെ 17 ശതമാനവും ആക്രമണത്തിൽ തകർക്കപ്പെട്ടുവെന്ന് ഖത്തർ പെട്രോളിയം വകുപ്പ് മേധാവി സാദ് ഷെരീദ അൽ കാബി സ്ഥിരീകരിച്ചു. പ്ലാന്റുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ എടുത്തേക്കുമെന്നും ഇത് പ്രതിവർഷം 12.8 ദശലക്ഷം ടൺ ഇന്ധന വിതരണത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 2000 കോടി ഡോളറിന്റെ വാർഷിക വരുമാന നഷ്ടമാണ് ഖത്തർ ഇതിലൂടെ കണക്കാക്കുന്നത്.

ഖത്തറിലെ ഈ അപ്രതീക്ഷിത നീക്കം ഇന്ത്യയെയും ചൈനയെയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെയും യൂറോപ്പിനെയും ഒരുപോലെ ബാധിക്കും. ലോകത്ത് ഏറ്റവും കൂടുതൽ എൽഎൻജി ഇറക്കുമതി ചെയ്യുന്ന നാലാമത്തെ രാജ്യമായ ഇന്ത്യക്ക് ഈ സാഹചര്യം വലിയ തിരിച്ചടിയാണ്. ഇന്ത്യയുടെ ആകെ ആവശ്യകതയുടെ 41 ശതമാനവും ഖത്തറിൽ നിന്നാണ് എത്തുന്നത്. 2024-25 കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്ത 27 മില്ല്യൺ മെട്രിക് ടൺ എൽഎൻജിയിൽ 11.2 മില്ല്യൺ ടണ്ണും ഖത്തറാണ് നൽകിയത്. പശ്ചിമേഷ്യൻ സംഘർഷം മൂലം രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന പാചകവാതക പ്രതിസന്ധി ഇതോടെ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഖത്തർ ആലോചിക്കുന്നതോടെ ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

You may also like