തെഹ്റാൻ: അമേരിക്ക-ഇസ്രയേൽ സഖ്യവുമായുള്ള സൈനിക സംഘർഷം തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകൾക്ക് വൻതുക ഫീസ് ഏർപ്പെടുത്താൻ ഇറാൻ ഒരുങ്ങുന്നു. ഒരു കപ്പലിന് രണ്ട് മില്യൺ ഡോളർ (ഏകദേശം 18 കോടി രൂപ) വീതം ഈടാക്കാനാണ് നീക്കമെന്ന് ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗം അലാദ്ദീൻ ബോറോജെർഡി അറിയിച്ചു. യുദ്ധച്ചെലവുകൾ വർദ്ധിച്ച സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു സാമ്പത്തിക നിയന്ത്രണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇറാൻ ഭരണകൂടം ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ലോകത്തെ അസംകൃത എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത് എന്നതിനാൽ ഇറാന്റെ ഈ നീക്കം ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കണമെങ്കിൽ ഈ തുക നൽകേണ്ടി വരുമെന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാനുള്ള സാധ്യതയേറി. ഹോർമൂസ് കടലിടുക്ക് തുറന്നുനൽകുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകൾ പുരോഗമിക്കവെയാണ് ഇറാൻ നിലപാട് കടുപ്പിക്കുന്നത്.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 48 മണിക്കൂർ മുന്നറിയിപ്പിന് പിന്നാലെ ഹോർമൂസ് ഉപരോധത്തിൽ ഇറാൻ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. ശത്രുരാജ്യങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത കപ്പലുകൾ കടത്തിവിടാൻ തയ്യാറാണെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ ഇറാൻ പ്രതിനിധി അലി മൗസവി വ്യക്തമാക്കി. സമുദ്ര സുരക്ഷ മെച്ചപ്പെടുത്താൻ യുഎൻ ഏജൻസികളുമായി സഹകരിക്കുമെന്നും എന്നാൽ നിലവിലെ സംഘർഷങ്ങൾക്ക് ഉത്തരവാദികൾ അമേരിക്കയും ഇസ്രയേലുമാണെന്നും ഇറാൻ ആവർത്തിച്ചു. പശ്ചിമേഷ്യയിലെ ഈ പുതിയ സാമ്പത്തിക യുദ്ധമുറ ആഗോള ചരക്കുനീക്കത്തെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

