Home Top Storiesലൈംഗികാതിക്രമ പരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ലൈംഗികാതിക്രമ പരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

by news_desk
0 comments

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അടിയന്തര നടപടിയെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. ധാർമ്മികതയുണ്ടെങ്കിൽ പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരസഭയിലെ ഇരുപത്തിനാലാം വാർഡ് കൗൺസിലറായ പ്രശോഭ് വത്സൻ, ജോലി വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അഭിമുഖത്തിനെന്ന വ്യാജേന പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടെയാണ് ആദ്യമായി പീഡനത്തിനിരയാക്കിയത്. പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തെ ഹോട്ടൽ മുറിയിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിച്ചു. പീഡനത്തെത്തുടർന്ന് താൻ ഗർഭിണിയായെന്നും വിവരമറിഞ്ഞ പ്രശോഭ് ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാൻ തന്നെ നിർബന്ധിച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള തന്റെ സ്വാധീനം പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. ആക്രമണം ഭയന്ന് പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. പീഡനവിവരം പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെയുണ്ടായ ഈ വെളിപ്പെടുത്തൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

You may also like