മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും എൽഡിഎഫും എസ്ഡിപിഐയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നേമത്ത് മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്ഡിപിഐ പിന്തുണ എൽഡിഎഫിനാണെന്നും വേങ്ങരയിൽ മുൻ എസ്ഡിപിഐ പ്രവർത്തകനെയാണ് ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വർഗ്ഗീയ കൂട്ടുകെട്ടുകളെ ജനങ്ങൾ തിരിച്ചറിയുമെന്നും മതേതര ജനാധിപത്യ വോട്ടുകൾ പൂർണ്ണമായും യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന ശുഭപ്രതീക്ഷ തങ്ങൾ പങ്കുവെച്ചു. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും ഇത്തവണ യുഡിഎഫ് ആധിപത്യമുണ്ടാകും. വളരെ ആത്മവിശ്വാസത്തോടെയാണ് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. താനൂരിൽ ഇത്തവണ വിജയം വളരെ എളുപ്പമായിരിക്കുമെന്നും വരും വർഷങ്ങളിൽ എല്ലാ മണ്ഡലങ്ങളും യുഡിഎഫിന്റെ കോട്ടകളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, താനൂർ മണ്ഡലത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ലഭിക്കുന്ന വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാനില്ലെന്നും ഇത് ആസൂത്രിതമായി എൽഡിഎഫിന് മറിച്ചു നൽകുകയാണെന്നും നവാസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിനിൽക്കെ മലപ്പുറത്തെ രാഷ്ട്രീയ അന്തരീക്ഷം ഈ ആരോപണ പ്രത്യാരോപണങ്ങളാൽ ചൂടുപിടിച്ചിരിക്കുകയാണ്.

