മുംബൈ: ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ പ്രമുഖ ഇലക്ട്രിക് എസ്യുവികൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് മഹീന്ദ്ര. തിരഞ്ഞെടുത്ത മോഡലുകൾക്ക് നാല് ലക്ഷം രൂപ വരെയാണ് ഈ മാസം ഇളവ് വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്ര XUV400 ഇഎൽ പ്രോ, BE 6, XEV 9e തുടങ്ങിയ മോഡലുകൾക്കാണ് പ്രധാനമായും കിഴിവ് ലഭിക്കുക. നവരാത്രിയുടെ ആദ്യ ദിനം തന്നെ 600-ലധികം ഇലക്ട്രിക് എസ്യുവികൾ വിതരണം ചെയ്ത് റെക്കോർഡ് കുറിച്ചതിന് പിന്നാലെയാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ഓഫറുകളുമായി കമ്പനി രംഗത്തെത്തിയത്.
മഹീന്ദ്രയുടെ ഇലക്ട്രിക് ശ്രേണിയിൽ ഏറ്റവും കൂടുതൽ ഇളവ് ലഭിക്കുന്നത് XUV400 EL പ്രോ മോഡലിനാണ്. നാല് ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന് നൽകുന്ന ആകെ കിഴിവ്. 34.5 kWh, 39.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമായ ഈ കാർ യഥാക്രമം 359 കിലോമീറ്റർ, 456 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 17.49 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. അത്യാധുനികമായ BE 6 മോഡലിന് രണ്ട് ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാണ്. 19.65 ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഈ മോഡൽ 59 kWh, 79 kWh ബാറ്ററി കരുത്തിൽ വിപണിയിലുണ്ട്.
കമ്പനിയുടെ കരുത്തുറ്റ മോഡലായ XEV 9e-ക്ക് 1.4 ലക്ഷം രൂപ വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 21.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഈ വാഹനവും രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. നിലവിൽ വിപണിയിലുള്ള XEV 9S, XUV 3XO EV എന്നിവയ്ക്ക് പുറമെ വരും വർഷങ്ങളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനും മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്. എന്നാൽ ഈ ഇളവുകൾ വിവിധ സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും ഡീലർഷിപ്പുകൾക്കും അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുള്ളതിനാൽ, വാഹനം വാങ്ങുന്നതിന് മുൻപ് തൊട്ടടുത്തുള്ള ഡീലറെ സമീപിച്ച് കൃത്യമായ വിവരങ്ങൾ തേടണമെന്ന് കമ്പനി അറിയിച്ചു.

