ശശി കളരിയേൽ
തൃശ്ശൂർ പുഴയ്ക്കലിൽ വെച്ചുണ്ടായ ഒരപകടത്തെ തുടർന്ന് വിശ്രമത്തിലായ എന്നെ നിരന്തരം ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ തിരക്കുന്ന കടമ്മനിട്ട സാറിൻ്റെ ഭാര്യ ശാന്തമ്മയുടെ കഴിഞ്ഞ ദിവസത്തെ ഫോൺ സംഭാഷണമാണ്.കടമ്മനിട്ട സാറിൻ്റെ അവസാന നാളുകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്.കാൻസർ എന്ന രോഗത്തിനെ ഏറെ ഭയപ്പെട്ടിരുന്ന സാർ വളരെ വൈകിയാണ് തൻ്റെ ശരീരത്തിൽ വ്യാപിച്ചുകൊണ്ടിരുന്ന കാൻസറിനെപ്പറ്റി അറിയുന്നത്.കൊച്ചിയിലെ അമൃത ആശുപത്രിയിലെ ഡോ പവിത്രൻ ആയിരുന്നു അദ്ദേഹത്തെ ചികിത്സിച്ചത്. ഡോക്ടറെ കാണാൻ വരുന്നതിൻ്റെ തലേ ദിവസം എന്നെ വിളിച്ചു പറയും ശശീ നാളെ കാലത്ത് 9 മണിക്ക് ഞാൻ അമൃതയിലെത്തും. ഞാൻ സാറിനെ കാത്തു നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും.സാറിനും ഭാര്യ ശാന്തമ്മയ്ക്കും എന്നോട് പുത്രനിർവിശേഷമായ വാത്സല്യമായിരുന്നു.
2006 ൽ രോഗം തിരിച്ചറിഞ്ഞെങ്കിലും 2008 ആയപ്പോഴേക്കും അത് മൂർദ്ധന്യാവസ്ഥയിലെത്തിക്കഴിഞ്ഞിരുന്നു. ആശുപത്രിയിൽ മിക്കവാറും ചികിത്സയിലായിരുന്നു. 2008 മാർച്ച് മാസത്തിലെ ഒരു ദിവസം അദ്ദേഹം എൻ്റെ കൈ പിടിച്ച് നാളെ ശശീ എൻ്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കണം, പതിവില്ലാത്ത ഈ ക്ഷണം കേട്ട് ഞാൻ ചോദിച്ചു. നാളെ എന്താ വിശേഷം, നാളെ എൻ്റെ പിറന്നാളാണ് ഞാൻ ഇനി അധികകാലം ഉണ്ടാവില്ല എന്ന തോന്നൽ വല്ലാതെ വീർപ്പുമുട്ടിക്കുന്നു. ഞാൻ പതിയെ മുറിയിൽ നിന്ന് പുറത്തിറങ്ങി അമ്മയുടെ സഹോദരനും എൻ്റെ ആത്മമിത്രവുമായ സുരേഷേട്ടനോട് കാര്യം പറഞ്ഞു. അദ്ദേഹം കടമ്മനിട്ടയുടെ പിറന്നാൾ ആശുപത്രിമുറിയിൽ ഗംഭീരമായി ആഘോഷിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. കാൻ്റീൻ ചുമതല വഹിക്കുന്ന കരുണാമൃതചൈതന്യ വലിയ ഒരു കേക്കുമായി വന്നു. മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, റോൺ സായിപ്പ്,സുരേഷേട്ടൻ, രഹനാജി, ഡോ. ജഗു,, ഡോ പവിത്രൻ, എന്നിവരും സാറിൻ്റെ ഭാര്യ ശാന്ത അമ്മയും മക്കളും ചെറുമക്കളും എല്ലാവരും കേക്ക് മുറിക്കൽ ചടങ്ങിൽ പങ്കെടുത്തു.
ഞാൻ ഉച്ചക്ക് സാറിൻ്റെ ഒപ്പമിരുന്നു ഉച്ചഭക്ഷണം കഴിച്ചു.’പിരിയാൻ നേരം എൻ്റെ കൈ പിടിച്ച് കടമ്മനിട്ട സാർ ഇങ്ങിനെ പറഞ്ഞു. ഞാൻ ഒരു നിരീശ്വരവാദിയാണ്. അമൃതാനന്ദമയീദേവിയെ ഞാൻ കണ്ടിട്ടില്ല. എങ്കിലും ആശുപത്രിയിലെ പരിചരണവും നിങ്ങളുടെ സ്നേഹവും കാണുമ്പോൾ അമൃതാനന്ദമയീ അമ്മയുടെ സ്നേഹം ഞാൻ അനുഭവിച്ചറിയുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.’അമൃതയിലെ പിറന്നാൾ അദ്ദേഹത്തിൻ്റെ ഒടുവിലത്തെ പിറന്നാളായിരുന്നു. പിന്നിട് അധിക ദിവസം അദ്ദേഹം ജീവിച്ചിരുന്നില്ല.2008 മാർച്ച് 31ന് ,കുറത്തിയും കാട്ടാളനും, ശാന്തയും, തുടങ്ങി അടിച്ചമർത്തപ്പെട്ടവൻ്റെ ഗർജ്ജനമായ കടമ്മനിട്ട രാമകൃഷ്ണനെന്ന ജനകീയ കവി ഓർമ്മയായി.
കവി ഓർമ്മയായിട്ട് 18 വർഷങ്ങൾ കടന്നു പോയെങ്കിലും കവി സമ്മാനിച്ചു പോയ പടയണിപ്പാട്ടിൻ്റെ താളവും നാട്ടുഭാഷയുടെ കരുത്തും എഴുപതുകളിൽ മലയാള കവിതയിൽ സംഭവിച്ച വലിയൊരു വിപ്ലവമായിരുന്നു കടമ്മനിട്ട ക്കവിതകൾ. കവിതയെ പുസ്തകതാളിൽ നിന്ന് പുറത്തെടുത്ത് ജനമധ്യത്തിലേക്ക് എത്തിച്ച കവി ,കവിത ചൊല്ലുന്ന ഒരു കാവ്യ സംസ്ക്കാരം രൂപപ്പെടുത്തി.
കടമ്മനിട്ട കവിതയുടെ സവിശേഷതകൾ
മണ്ണിൽ വേരൂന്നിയവയായിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഗാഢമായ ബന്ധവും ആധുനിക നാഗരികത മനുഷ്യനെ ഏകാകിയാക്കുന്നതിലുള്ള ഉൽകണ്ഠയുമാണ് അദ്ദേഹത്തിൻ്റെ വരികളിൽ തെളിയുന്നത്.മിത്തുകളെയും നാടോടി വിശ്വാസങ്ങളെയും ആധുനിക ജിവിത സാഹചര്യങ്ങളുമായി അദ്ദേഹം വിളക്കിചേർത്തു. വനവാസികൾ, കാട്ടു ദൈവങ്ങൾ, പ്രകൃതി ശക്തികൾ എന്നിവർ അദ്ദേഹത്തിൻ്റെ കവിതകളിൽ സജി വമായി. സംസ്കൃത ജടിലമായ പദപ്രയോഗങ്ങളെക്കാൾ സാധാരണക്കാരൻ്റെ നാട്ടുഭാഷയ്ക്കും ശൈലികൾക്കുമാണ് അദ്ദേഹം മുൻഗണന നൽകിയത്.
നിങ്ങളോർക്കുക, നിങ്ങളെങ്ങിനെ നിങ്ങളായെന്ന് ” എന്ന് പാടിയ ,കവിതയെ അനുഷ്ഠാനമാക്കി മാറ്റിയ ,ശബ്ദഗാംഭീര്യം കൊണ്ടും ചൊല്ലുന്ന രീതി കൊണ്ടും, മലയാളികൾക്ക് മറക്കാനാവാത്ത ജനകിയനായ കവിയാണ്.കടമ്മനിട്ട രാമകൃഷ്ണൻ, അതു കൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ കവിതകളും കാലാതിവർത്തിയാണ്.

