ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) വിവാദ ഭേദഗതി ബിൽ ഇന്ന് വീണ്ടും ലോകസഭയിൽ അവതരിപ്പിക്കും. വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാർട്ടികളും ഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോകുന്നത്. സഭയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്താനായി കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാർ ഡൽഹിയിലെത്തിയിട്ടുണ്ട്.
നിയമഭേദഗതി ജനാധിപത്യത്തിനും രാജ്യത്തെ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ് എന്നീ എംപിമാർ ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നിലവിലെ നീക്കങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ബില്ലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നും ഇത് പാർലമെന്റിന്റെ സ്ഥിരം സമിതിക്ക് വിടണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ മെത്രാൻ സമിതിയും (CBCI) കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സഭകളുടെ കടുത്ത നിലപാട് കേരളത്തിലെ ബിജെപി നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം, ഭേദഗതി ഏതെങ്കിലും മതസംഘടനകളെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കും താല്പര്യങ്ങൾക്കും വിരുദ്ധമായി വിദേശ ഫണ്ടുകൾ ഉപയോഗിക്കുന്നത് തടയാനാണ് ഭേദഗതിയെന്നും ഇതിനെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസും ഇടതുപാർട്ടികളും രാഷ്ട്രീയ ലാഭത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, സന്നദ്ധ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പായി.

