കോഴിക്കോട്: സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നൂർബിന റഷീദ് രാജിവെച്ചു. സംഘടനയുടെ നിലപാടുകളും പ്രവർത്തകരുടെ അഭിപ്രായങ്ങളും പരിഗണിക്കാതെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതെന്ന് ആരോപിച്ചാണ് രാജി പ്രഖ്യാപനം.
ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നേരത്തെയും നൂർബിന വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് പാർട്ടി നേതൃത്വം ഉറപ്പ് നൽകിയിരുന്നുവെന്നും പിന്നീട് സമ്മർദ്ദങ്ങൾക്കൊടുവിലാണ് തീരുമാനം മാറിയതെന്നും അവർ ആരോപിച്ചു. മലപ്പുറം ജില്ലയിലെ പലരിൽ നിന്നുമായി ഇതുസംബന്ധിച്ച് സന്ദേശങ്ങൾ ലഭിച്ചതായും ചിലർ സ്വാധീനം ചെലുത്തിയിരിക്കാമെന്നും നൂർബിന പറഞ്ഞു.
സംഘടനയിൽ ഒരുവിധത്തിലുള്ള ലൈംഗിക ആരോപണങ്ങൾ ഉയരാൻ സാഹചര്യം ഉണ്ടായിട്ടില്ലെന്നും, ഉയർന്ന ആരോപണങ്ങൾ പിന്നീട് പിൻവലിക്കപ്പെട്ടത് സംഘടനയുടെ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും അവർ വിമർശിച്ചു. അതിക്രമങ്ങൾ നേരിട്ടാൽ ഉറച്ച നിലപാട് സ്വീകരിക്കണം എന്നതായിരുന്നു സംഘടനയുടെ പാഠമെന്നും, പുതിയ തലമുറയ്ക്ക് വേറെയും പഴയ പ്രവർത്തകർക്കു വേറെയും നിയമങ്ങൾ പാടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സീറ്റ് ലഭിക്കാത്തതിന്റെ നിരാശയല്ല രാജിക്കു പിന്നിലെന്നും വ്യക്തിപരമായ താൽപര്യങ്ങൾക്കല്ല, സംഘടനയുടെ ആദർശങ്ങൾക്കും നിലപാടുകൾക്കും വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും നൂർബിന വ്യക്തമാക്കി. ഏറെ പ്രയാസങ്ങൾ തരണം ചെയ്താണ് വനിതാ ലീഗ് വളർത്തിയെടുത്തതെന്നും സംഘടനയെ ശക്തിപ്പെടുത്താൻ പ്രവർത്തിച്ച പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പഴയ രേഖകളും ചിത്രങ്ങളും അവതരിപ്പിച്ച നൂർബിന, ഇസ്ലാമിക മൂല്യങ്ങൾ പാലിച്ചുള്ള പ്രവർത്തനമാണ് സംഘടനയുടെ ശക്തിയെന്ന് വ്യക്തമാക്കി. സമൂഹവുമായി നേരിട്ട് ഇടപെടലാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാനം എന്നും അവർ അഭിപ്രായപ്പെട്ടു. 2016ലെ മെമ്പർഷിപ്പ് രസീത് കാണിച്ചുകൊണ്ട് സംഘടനയോടുള്ള തന്റെ ആത്മബന്ധവും അവർ സൂചിപ്പിച്ചു.
സ്ഥാനാർത്ഥി പ്രഖ്യാപനം വരെയായി പാർട്ടി നേതൃത്വവുമായി നിരന്തരം സംവദിച്ചിരുന്നുവെന്നും ചിലരുടെ എതിർപ്പുകൾ അവഗണിച്ചാണ് തീരുമാനങ്ങൾ എടുത്തതെന്നും അവർ ആരോപിച്ചു. ദേശീയ തലത്തിൽ വലിയ കമ്മിറ്റികൾ രൂപീകരിച്ചിട്ടും വനിതാ ലീഗിനെ യഥാർത്ഥത്തിൽ പരിഗണിച്ചില്ലെന്നും സംഘടനയുടെ അയോഗ്യത എന്താണെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും നൂർബിന റഷീദ് ചോദിച്ചു.

