Home Techonologyചരിത്രം കുറിച്ച് ആർട്ടെമിസ് 2 കുതിച്ചുയർന്നു; 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്

ചരിത്രം കുറിച്ച് ആർട്ടെമിസ് 2 കുതിച്ചുയർന്നു; 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്

by news_desk
0 comments

ഫ്ലോറിഡ: അഞ്ചര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് 2 ദൗത്യം നാല് ബഹിരാകാശ സഞ്ചാരികളുമായി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.06-നാണ് എസ്എൽഎസ് (SLS) എന്ന ഭീമൻ റോക്കറ്റിലേറി ഒറയോൺ പേടകം ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയർന്നത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണിത്.

നാലംഗ സംഘത്തിൽ ഒരു സ്ത്രീയും കറുത്ത വർഗ്ഗക്കാരനും ഉൾപ്പെടുന്നു എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് പേടകത്തിലുള്ളത്. ഇതിൽ ക്രിസ്റ്റീന കോച്ച് ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിതയും വിക്ടർ ഗ്ലോവർ ആദ്യ കറുത്ത വർഗ്ഗക്കാരനുമാണ്. അമേരിക്കക്കാരനല്ലാത്ത ആദ്യ യാത്രികനെന്ന നേട്ടം ജെറെമി ഹാൻസണും സ്വന്തമാക്കി. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുകയാണ് ലക്ഷ്യം. യാത്രയിൽ നാല് പേർക്കും കൂട്ടായി 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും വഹിച്ചുകൊണ്ട് ‘റൈസ്’ എന്ന ചെറുപാവയുമുണ്ട്.

2022-ൽ നടന്ന ആളില്ലാ ദൗത്യമായ ആർട്ടെമിസ് 1-ന്റെ വിജയത്തിന് ശേഷമാണ് മനുഷ്യനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാം ഘട്ടം നാസ നടപ്പിലാക്കുന്നത്. ഈ യാത്ര വിജയകരമായാൽ അടുത്ത ഘട്ടത്തിൽ മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ദീർഘദൂര ബഹിരാകാശ യാത്രകൾക്കായി വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ കാര്യക്ഷമത പരിശോധിക്കാനുള്ള ഈ ദൗത്യം ലോകം വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ ചാന്ദ്ര ദൗത്യങ്ങളിൽ സജീവമാകുന്നതിനിടെ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിച്ച് ആധിപത്യം ഉറപ്പിക്കാനാണ് അമേരിക്കയുടെ നീക്കം.

You may also like