ന്യൂഡൽഹി: ഷവോമിയുടെ ടി-സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. പുതിയ Xiaomi 17T ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. ലൈക ക്യാമറ സാങ്കേതികവിദ്യ, വലിയ ബാറ്ററി, അതിവേഗ ചാർജിങ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഇന്ത്യയിൽ ടി-സീരീസ് തിരിച്ചെത്തുന്നത് മൂന്ന് വർഷത്തിന് ശേഷമാണ്. പ്രൊഫഷണൽ നിലവാരത്തിലുള്ള ഫോട്ടോഗ്രാഫി അനുഭവം നൽകുന്നതിനായി ലൈകയുമായി സഹകരിച്ചാണ് ഷവോമി ഈ ഫോൺ ഒരുക്കിയിരിക്കുന്നത്. 5x ടെലിഫോട്ടോ ക്യാമറയും 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സംവിധാനവും ഫോണിലുണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 6,500mAh ബാറ്ററിയും 67W ഫാസ്റ്റ് ചാർജിങ് സംവിധാനവും മീഡിയടെക് ഡിമെൻസിറ്റി 8500-അൾട്രാ പ്രോസസറുമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. ഉയർന്ന പ്രകടനം ആവശ്യപ്പെടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഫോൺ വിപണിയിലെത്തുന്നത്. ഇന്ത്യൻ വിപണിയിൽ മോട്ടറോള, ഐക്യൂ തുടങ്ങിയ ബ്രാൻഡുകളുമായി കടുത്ത മത്സരമാണ് ഷവോമി നേരിടുന്നത്. അതിനാൽ വില നിർണായക ഘടകമാകും. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കുമെന്ന സൂചന കമ്പനി നൽകിയിട്ടുണ്ട്. ഫോണിന്റെ ഔദ്യോഗിക വിലയും ലഭ്യതയും ഇന്നത്തെ ലോഞ്ച് ചടങ്ങിലാണ് പ്രഖ്യാപിക്കുക. ടെക് പ്രേമികളും മൊബൈൽ ഫോട്ടോഗ്രാഫി ആരാധകരും ലോഞ്ചിനായി കാത്തിരിക്കുകയാണ്.
8

