ഭൂമിയിൽ നിന്ന് ഏകദേശം 50 കോടി പ്രകാശവർഷം അകലെയുള്ള ഒരു ഗാലക്സിയിൽ ഭീമൻ നക്ഷത്രം സൂപ്പർനോവയായി മാറുന്നതിന്റെ ആദ്യനിമിഷങ്ങൾ ജ്യോതിശാസ്ത്രജ്ഞർ ആദ്യമായി ഇത്ര വ്യക്തമായി പകർത്തി. നക്ഷത്രത്തിന്റെ മരണത്തിന് തുടക്കമിട്ട അതിസൂക്ഷ്മമായ എക്‌സ്-റേ പ്രകാശവും പിന്നാലെയുണ്ടായ സൂപ്പർനോവ സ്ഫോടനവും ഒരുമിച്ച് നിരീക്ഷിക്കാനായതാണ് കണ്ടെത്തലിന്റെ പ്രധാന പ്രത്യേകത. സാധാരണ ഏതാനും സെക്കൻഡുകൾ മുതൽ മണിക്കൂറുകൾ വരെ മാത്രം നീളുന്ന ഇത്തരം എക്‌സ്-റേ സിഗ്നലുകൾ കണ്ടെത്തുന്നത് അപൂർവമാണ്.
2026 മാർച്ചിലാണ് ചൈനയുടെ ഐൻസ്റ്റൈൻ പ്രോബ് ദൗത്യം ക്ഷണികമായ എക്‌സ്-റേ പ്രകാശം കണ്ടെത്തിയത്. തുടർന്ന് വിവിധ ബഹിരാകാശ, ഭൗമ ദൂരദർശിനികൾ നടത്തിയ നിരീക്ഷണങ്ങളിൽ ഇത് പിന്നീട് എസ്.എൻ. 2026 ജി.എസ്.എഫ് എന്ന് പേരിട്ട ബ്രോഡ് ലൈൻഡ് ടൈപ്പ് ഐ.സി സൂപ്പർനോവയാണെന്ന് സ്ഥിരീകരിച്ചു.
സൂര്യനെക്കാൾ ഏകദേശം 20 മടങ്ങ് ഭാരമുള്ള വുൾഫ്–റായറ്റ് നക്ഷത്രമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ജീവിതാവസാനത്തിന് മുമ്പ് നക്ഷത്രം ഹൈഡ്രജനും ഹീലിയവും അടങ്ങിയ പുറംപാളികൾ നഷ്ടപ്പെടുത്തിയിരുന്നു. തുടർന്ന് കാർബണും ഓക്സിജനും കൂടുതലുള്ള കേന്ദ്രഭാഗം തകർന്നുവീണതോടെയാണ് സൂപ്പർനോവ സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിന് മുമ്പ് നക്ഷത്രത്തെ ചുറ്റിപ്പറ്റി ഒന്നിലധികം വാതകപാളികൾ ഉണ്ടായിരുന്നതായും കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് നക്ഷത്രം പല ഘട്ടങ്ങളിലായി വൻതോതിൽ ദ്രവ്യം പുറത്തേക്ക് തള്ളിയതിന്റെ തെളിവുകളാണ് ഇവ. നക്ഷത്രത്തിന്റെ അവസാന ജീവിതഘട്ടത്തിൽ നടന്ന അതിശക്തമായ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ ചിത്രം ഇതിലൂടെ ലഭിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഇത്തരം ബ്രോഡ് ലൈൻഡ് ടൈപ്പ് ഐ.സി സൂപ്പർനോവകൾ സാധാരണയായി പ്രകാശവേഗത്തോട് അടുത്ത വേഗത്തിൽ സഞ്ചരിക്കുന്ന ജെറ്റുകളും അതിശക്തമായ ഗാമാ കിരണ വിസ്ഫോടനങ്ങളും സൃഷ്ടിക്കാറുണ്ട്. എന്നാൽ ഈ സൂപ്പർനോവയിൽ അത്തരം ജെറ്റുകളോ ഗാമാ കിരണ വിസ്ഫോടനങ്ങളോ കണ്ടെത്താനായില്ല. എന്നിരുന്നാലും സ്ഫോടനം അതീവ ഊർജസ്വലമായിരുന്നുവെന്നാണ് നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്.
എക്‌സ്-റേ ഷോക്ക് ബ്രേക്ക്‌ഔട്ട്, സൂപ്പർനോവ സ്ഫോടനം, നക്ഷത്രം നേരത്തെ പുറത്തേക്ക് തള്ളിയ ദ്രവ്യങ്ങളുമായുള്ള പ്രതിപ്രവർത്തനം എന്നിവ ഒരുമിച്ച് പഠിക്കാൻ ഈ നിരീക്ഷണം സഹായിച്ചതായി ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയ ജില്യൻ റാസ്റ്റിനേജ്‌ഡ് വ്യക്തമാക്കി. നക്ഷത്രങ്ങളുടെ അവസാന നിമിഷങ്ങളിലെ സ്വഭാവവും സൂപ്പർനോവ സ്ഫോടനങ്ങളുടെ വൈവിധ്യവും കൂടുതൽ മനസ്സിലാക്കാൻ ഈ കണ്ടെത്തൽ നിർണായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
