തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘കാപട്യമേ നിന്റെ പേരോ പിണറായി’ എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ് കേരളമെന്ന് അദ്ദേഹം പരിഹസിച്ചു. എസ്ഡിപിഐ, പിഡിപി, ആർഎസ്എസ് എന്നീ സംഘടനകളുടെ പിന്തുണയെക്കുറിച്ച് മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണ്. തീവ്രവാദ സംഘടനയെന്ന് പാർട്ടി കോൺഗ്രസിൽ വിശേഷിപ്പിച്ചവരുമായി കൂട്ടുചേർന്നാണ് സിപിഐഎം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാർട്ടി കോൺഗ്രസ് തീരുമാനങ്ങളെപ്പോലും കാറ്റിൽ പറത്തിയാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും സതീശൻ കുറ്റപ്പെടുത്തി.
ബിജെപിയുടെ ഇരട്ടത്താപ്പിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഈസ്റ്ററിനും ക്രിസ്മസിനും കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലെത്തുന്ന ബിജെപി, മറുവശത്ത് എഫ്സിആർഎ (FCRA) ഭേദഗതിയിലൂടെ ന്യൂനപക്ഷങ്ങളുടെ ആസ്തികൾ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് ബിജെപിയെന്നും സിപിഐഎമ്മിന്റെയും സംഘപരിവാറിന്റെയും യഥാർത്ഥ മുഖം ഈ തിരഞ്ഞെടുപ്പോടെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നിലവിൽ പുറത്തുവരുന്ന തിരഞ്ഞെടുപ്പ് സർവ്വേകൾ വെറും തട്ടിക്കൂട്ടാണെന്ന് സതീശൻ ആരോപിച്ചു. പെയ്ഡ് സർവ്വേകളാണ് ഭൂരിഭാഗവും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർത്ഥികൾ തോൽക്കുമെന്ന് സർവ്വേകൾ പ്രവചിച്ചിരുന്നു. എന്നാൽ യഥാർത്ഥ ജനവികാരം സർവ്വേകളിൽ പ്രതിഫലിക്കില്ല. ഭരണവിരുദ്ധ തരംഗം സംസ്ഥാനത്ത് ശക്തമാണ്. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ബദൽ പദ്ധതികളുമായാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ആരാധനാലയങ്ങൾ ഉൾപ്പെടെ ഏറ്റെടുക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ചർച്ച് ബില്ലും എഫ്സിആർഎ നിയമത്തിലെ പുതിയ വ്യവസ്ഥകളും ന്യൂനപക്ഷ വേട്ടയുടെ ഭാഗമാണെന്നും ഇതിനെതിരെ യുഡിഎഫ് ശക്തമായി പോരാടുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

