Home Keralaഎസ്. ജയശങ്കർ പേര് പരാമർശിച്ചില്ല; പ്രചാരണത്തിനിടെ വേദി വിട്ടിറങ്ങി ആർ. ശ്രീലേഖ, അനുനയിപ്പിച്ച് നേതാക്കൾ

എസ്. ജയശങ്കർ പേര് പരാമർശിച്ചില്ല; പ്രചാരണത്തിനിടെ വേദി വിട്ടിറങ്ങി ആർ. ശ്രീലേഖ, അനുനയിപ്പിച്ച് നേതാക്കൾ

by news_desk
0 comments

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ എൻഡിഎ ക്യാമ്പിൽ അസ്വാരസ്യങ്ങൾ പുകയുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി ആർ. ശ്രീലേഖ വേദി വിട്ടിറങ്ങി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെയാണ് ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പുറത്തേക്ക് പോയത്. തുടർന്ന് നേതാക്കൾ പിന്നാലെയെത്തി അനുനയിപ്പിച്ച ശേഷമാണ് ഇവർ മടങ്ങിയെത്തിയത്.

തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിലായിരുന്നു നാടകീയ സംഭവങ്ങൾ. മണ്ഡലത്തിലെ സ്ഥാനാർത്ഥി ആർ. ശ്രീലേഖയും നേമത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും വേദിയിലുണ്ടായിരുന്നു. എന്നാൽ തന്റെ പ്രസംഗത്തിലുടനീളം വിദേശകാര്യമന്ത്രി ശ്രീലേഖയുടെ പേര് പരാമർശിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് മാത്രം അഭ്യർത്ഥിച്ചെന്നുമാണ് പരാതി. സ്വന്തം മണ്ഡലത്തിലെ പരിപാടിയിൽ അവഗണിക്കപ്പെട്ടതിൽ പ്രകോപിതയായാണ് ശ്രീലേഖ വേദി വിട്ടത്.

തിരികെയെത്തിയ ശ്രീലേഖ, രാജീവ് ചന്ദ്രശേഖറിനോടും മേയർ വി.വി. രാജേഷിനോടും തന്റെ കടുത്ത അതൃപ്തി അറിയിച്ചു. പാർട്ടി വേദികളിൽ ശ്രീലേഖയുടെ പിണക്കം ഇതാദ്യമല്ല. നേരത്തെ കോർപ്പറേഷനിൽ ബിജെപി മേയർ അധികാരമേൽക്കുന്ന ചടങ്ങിൽ പദവി ലഭിക്കാത്തതിനെത്തുടർന്ന് പകുതിക്ക് വെച്ച് ഇറങ്ങിപ്പോയതും പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ മാറിനിന്നതും വലിയ വിവാദമായിരുന്നു. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ സ്ഥാനാർത്ഥി തന്നെ പരസ്യമായി പിണങ്ങിയത് എൻഡിഎ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും വികസനവും ചർച്ചയാകുന്നതിനിടെ ഇത്തരം ആഭ്യന്തര തർക്കങ്ങൾ വോട്ടർമാർക്കിടയിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം.

തിരഞ്ഞെടുപ്പ് പ്രചാരണം നാളെ കലാശക്കൊട്ടിലേക്ക് കടക്കാനിരിക്കെ, ഇത്തരം അസ്വാരസ്യങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വം. വട്ടിയൂർക്കാവിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നാളെ വൻ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

You may also like