സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് ആവേശകരമായ സമാപനം. വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. അവസാന മണിക്കൂറുകളിലെ പ്രചാരണം ശക്തമാക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും അതിരാവിലെ മുതൽ സജീവമായി രംഗത്തുണ്ട്. വിവിധ മണ്ഡലങ്ങളിൽ റോഡ്‌ഷോകളും പൊതുയോഗങ്ങളും മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഡീല്‍ വിവാദങ്ങളും , പ്രത്യേകിച്ച് ശബരിമല സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് പ്രചാരണം ശക്തമാക്കുന്നത്. മറുവശത്ത്,എൽ ഡി എഫ് കോൺഗ്രസിനെതിരായ വിഷയങ്ങൾ, പ്രത്യേകിച്ച് വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട വൈകിപ്പുകൾ, പ്രചാരണ ആയുധമാക്കുകയാണ്. ഇരു മുന്നണികളെയും എതിർക്കുന്ന നിലപാടോടെ എൻ ഡി എ കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ് പ്രചാരണം നടത്തുന്നത്.
ഇന്ന് വൈകിട്ട് ആറിന് ശേഷം നാളെ നിശബ്ദപ്രചാരണ ദിനമായിരിക്കും. ഈ സമയത്ത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങളും മറ്റ് തെരഞ്ഞെടുപ്പ് സാമഗ്രികളും നാളെ രാവിലെ എട്ട് മുതൽ നിയോജകമണ്ഡലം തല കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.
വ്യാഴാഴ്ച രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറുമണിവരെ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും. വോട്ടർമാർക്ക് ബൂത്തിനുള്ളിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുമതിയില്ല. അതിനായി പ്രത്യേക മൊബൈൽ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളിൽ ഒരുക്കിയിട്ടുണ്ട്.

