പാലക്കാട്: വോട്ടർമാർക്ക് പണം നൽകി വോട്ടുചെയ്യിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതായി ആരോപിച്ച് കോൺഗ്രസ് രംഗത്ത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ വിഷയത്തിൽ വിവാദം ശക്തമായി.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ഒരു വീട്ടിലെ വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടത്. അടുത്ത വീട്ടിൽ മരണവിവരം അറിഞ്ഞ് എത്തിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും പിന്നീട് സമീപത്തെ വീട്ടിൽ എത്തി സംസാരിച്ചതിന് പിന്നാലെ പണം കൈമാറിയതായാണ് ആരോപണം.
ദൃശ്യങ്ങൾ ചിത്രീകരിച്ച കോൺഗ്രസ് പ്രവർത്തകരോട് ശോഭാ സുരേന്ദ്രൻ തർക്കിച്ചതായും അതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശോഭ പോയതിന് ശേഷം ഒപ്പമുണ്ടായിരുന്ന സ്ത്രീ പണം നൽകിയതായും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. മുൻ നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും അവർ പറയുന്നു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇതിനിടെ വിഷയത്തിൽ അടിയന്തര ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് പാലക്കാട് ജില്ലാ കളക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

