ബെംഗളുരു: സഹപാഠിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് കോളേജ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിലെ ജെയിൻ സർവകലാശാലയിലെ വിദ്യാർത്ഥികളായ ബിഹാർ, കേരളം, ജാർഖണ്ഡ്, ബെംഗളുരു സ്വദേശികളാണ് പിടിയിലായത്.
ഒഡീഷ സ്വദേശിയായ മോഹാൻടി എന്ന വിദ്യാർത്ഥിയെയാണ് പ്രതികൾ ലക്ഷ്യമിട്ടത്. ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കിയ ശേഷം കാറിൽ കയറ്റി പ്രതികളിൽ ഒരാളുടെ മുറിയിലേക്ക് കൊണ്ടുപോയി തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് യുവാവിനെ മോചിപ്പിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളെ ബന്ധപ്പെട്ടു.
ആദ്യഘട്ടത്തിൽ സുഹൃത്തുക്കൾ 10,000 രൂപ ട്രാൻസ്ഫർ ചെയ്തെങ്കിലും സംഭവം സംശയാസ്പദമാണെന്ന് തോന്നിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് സംഘം പ്രതികളെ പിടികൂടുകയും വിദ്യാർത്ഥിയെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു.
സൗകര്യപ്രദമായ ജീവിതത്തിനായി പണം സമ്പാദിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

