Home Nationalഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; രൂപയുടെ മൂല്യത്തകർച്ച തിരിച്ചടിയായെന്ന് ഐഎംഎഫ് റിപ്പോർട്ട്

ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; രൂപയുടെ മൂല്യത്തകർച്ച തിരിച്ചടിയായെന്ന് ഐഎംഎഫ് റിപ്പോർട്ട്

by news_desk
0 comments

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ഒരു സ്ഥാനം പിന്നോട്ടിറങ്ങി ആറാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര നാണ്യനിധി (IMF) പുറത്തുവിട്ട ഏപ്രിൽ മാസത്തിലെ ‘വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്’ റിപ്പോർട്ടിലാണ് ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി വ്യക്തമാക്കുന്നത്. ബ്രിട്ടനും ജപ്പാനും പിന്നിലായാണ് പുതിയ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. ഇതോടെ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന നേട്ടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളും.

ഐഎംഎഫ് കണക്കുകൾ പ്രകാരം ഇന്ത്യയുടെ നോമിനൽ ജിഡിപി 4.15 ലക്ഷം കോടി ഡോളറാണ്. അതേസമയം, ബ്രിട്ടൻ 4.26 ലക്ഷം കോടി ഡോളറുമായി അഞ്ചാം സ്ഥാനത്തും ജപ്പാൻ 4.38 ലക്ഷം കോടി ഡോളറുമായി നാലാം സ്ഥാനത്തുമുണ്ട്. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് റാങ്കിംഗിൽ തിരിച്ചടിയായത്. കൂടാതെ, ജിഡിപി കണക്കാക്കുന്ന അടിസ്ഥാന വർഷത്തിൽ (Base Year) വരുത്തിയ പരിഷ്കാരവും ഇന്ത്യയുടെ ഡോളർ മൂല്യത്തിലുള്ള സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം കുറയാൻ കാരണമായി.

റാങ്കിംഗിൽ നേരിയ ഇടിവുണ്ടായെങ്കിലും ലോകത്തെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയെന്ന പദവിയിൽ ഇന്ത്യ തന്നെ തുടരുന്നു. 2026-ൽ ഇന്ത്യ 6.5 ശതമാനം വളർച്ച നേടുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. 32.38 ലക്ഷം കോടി ഡോളറുമായി അമേരിക്ക തന്നെയാണ് ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തി. ചൈന (20.85 ലക്ഷം കോടി ഡോളർ) രണ്ടാം സ്ഥാനത്തും ജർമ്മനി (5.45 ലക്ഷം കോടി ഡോളർ) മൂന്നാം സ്ഥാനത്തുമുണ്ട്. 2027-ഓടെ ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്നും 2028-ൽ ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2031-ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ് നിലവിലെ കണക്കുകൂട്ടലുകൾ.

You may also like