തിരുവനന്തപുരം: തലസ്ഥാനത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. മംഗലപുരം കൊയ്ത്തൂർക്കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് അർദ്ധരാത്രിയോടെ സ്ഫോടനമുണ്ടായത്. അപകടത്തിൽ വീടിന്റെ വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും പൂർണ്ണമായും കത്തിനശിച്ചു. രാത്രി പന്ത്രണ്ടരയോടെ വലിയ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
സിലിണ്ടറിൽ നിന്നുണ്ടായ വാതക ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടന സമയത്ത് വീട്ടുകാർ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തീ പടരുന്നത് കണ്ടയുടനെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

