Home Keralaപൂരപ്രേമികൾ ആവേശത്തിൽ; തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

പൂരപ്രേമികൾ ആവേശത്തിൽ; തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

by news_desk
0 comments

തൃശൂർ: നാടും നഗരവും പൂരലഹരിയിലേക്ക്. തൃശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാന പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റം നടക്കും. ഇതോടെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. വരുംദിവസങ്ങളിൽ നഗരം പൂരപ്രേമികളുടെയും ആഘോഷങ്ങളുടെയും തിരക്കിലേക്ക് അമരും.

പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടിലെ കുട്ടൻ ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകൾ നടക്കുക. ക്ഷേത്രങ്ങളിൽ വലിയപാണിക്ക് ശേഷം തട്ടകക്കാർ ചേർന്നാണ് കൊടിമരം ഉയർത്തുക. ഭഗവതിയുടെ സാന്നിധ്യത്തിൽ സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറകൾ ഉയരുന്നതോടെ പൂരാവേശം വാനോളമുയരും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11-നും 11.30-നും മധ്യേയാണ് കൊടിയേറ്റ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും ഇതിനോടൊപ്പം കൊടി ഉയർത്തും.

ഏപ്രിൽ 26-നാണ് ഈ വർഷത്തെ തൃശൂർ പൂരം. പൂരത്തിന് മുന്നോടിയായുള്ള ആനച്ചമയ പ്രദർശനം 24-ന് ആരംഭിക്കും. തിരുവമ്പാടി ദേവസ്വത്തിന്റെ ചമയപ്രദർശനം കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് നടക്കുക. 25-ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നട തുറന്ന് പുറത്തിറങ്ങുന്നതോടെ പൂരവിളംബരമാകും. പൂരവിളംബരം കാണാനും കൊടിയേറ്റ ചടങ്ങുകളിൽ പങ്കുചേരാനും ആയിരക്കണക്കിന് ആളുകളാണ് തൃശൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

You may also like