കോഴിക്കോട് : ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലാണ് പിടിയിലായത്.
പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം ഇന്ന് രാവിലെ നടന്ന സംഭവത്തിൽ, നടന്ന് പോകുകയായിരുന്ന യുവതിയെ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ എത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. യുവതി പൊലീസിനെ വിവരം അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട് നടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് സമാന രീതിയിൽ ഇയാൾ മുമ്പും മോശമായി പെരുമാറിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരാതികൾ ലഭിക്കാത്തതിനാൽ ഇത്തരം പ്രവൃത്തികൾ തുടരാൻ ഇയാൾക്ക് കഴിഞ്ഞതായും സൂചനയുണ്ട്.
പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന സംശയത്തെ തുടർന്ന് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

