Home Top Storiesനിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ; നടപടി ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ; നടപടി ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ

by news_desk
0 comments

തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. ലോൺ ആപ്പിന്റെ മറവിൽ കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും കോളേജ് മാനേജ്‌മെന്റ് കുറ്റാരോപിതരെ സംരക്ഷിക്കുകയാണെന്നും ആരോപിച്ചാണ് വിവിധ ദലിത്-ആദിവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള നിതിൻ രാജ് ആക്ഷൻ കൗൺസിൽ പ്രതിഷേധത്തിനൊരുങ്ങുന്നത്.

വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് നിരവധി ജാതി അധിക്ഷേപ പരാതികൾ ഉണ്ടായിട്ടും അത്തരം വിവേചനങ്ങൾ നടക്കുന്നില്ലെന്ന മാനേജ്‌മെന്റിന്റെ നിലപാട് നിരുത്തരവാദപരമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക, ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടുക, പ്രിൻസിപ്പൽ ഡോ. വിനോദ് മോനിയെ കേസിൽ പ്രതി ചേർക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. കൂടാതെ, നിതിൻ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വിവേചനം തുടരുന്ന കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

കെ.കെ. സുരേഷ് ചെയർമാനും സണ്ണി എം. കപിക്കാട് ജനറൽ കൺവീനറുമായ ആക്ഷൻ കൗൺസിൽ, ഏപ്രിൽ 21 ചൊവ്വാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ.കെ. നായനാർ ഓഡിറ്റോറിയത്തിൽ വെച്ച് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. കോളേജ് ഉടമകൾക്കെതിരെയും ഭൂമി കയ്യേറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. കൊലപാതകത്തിന് തുല്യമായ പീഡനമാണ് നിതിൻ നേരിട്ടതെന്ന് സമിതി ആരോപിച്ചു.

You may also like