കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ആദ്യ ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി ചുമതലയേൽക്കും. രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻഡിഎ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രമുഖ ദേശീയ നേതാക്കളും പങ്കെടുക്കും.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ എംഎൽഎമാർ ഐകകണ്ഠ്യേനയാണ് സുവേന്ദു അധികാരിയെ നേതാവായി തിരഞ്ഞെടുത്തത്. ഒരു കാലത്ത് മമതാ ബാനർജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു, 2020-ലാണ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നന്തിഗ്രാമിൽ മമതയെ പരാജയപ്പെടുത്തി അദ്ദേഹം കരുത്ത് തെളിയിച്ചിരുന്നു. ഹിന്ദു വോട്ടുകളുടെ ഏകീകരണവും ശക്തമായ സംഘടനാ പ്രവർത്തനവുമാണ് ബംഗാളിൽ ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ചത്.
അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഇപ്പോഴും സങ്കീർണ്ണമായി തുടരുകയാണ്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ മമതാ ബാനർജി ഇതുവരെ തയ്യാറായിട്ടില്ല. കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഗവർണർ മമത സർക്കാരിനെ പിരിച്ചുവിട്ടെങ്കിലും, അവർ ഇതുവരെ രാജി സമർപ്പിക്കാനോ രാജ്ഭവനിൽ എത്താനോ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഈ തർക്കങ്ങൾക്കിടയിലാണ് ബംഗാൾ ഇനി ബിജെപി ഭരണത്തിന് കീഴിലാകുന്നത്. അതീവ സുരക്ഷയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി കൊൽക്കത്ത ഒരുങ്ങിയിരിക്കുന്നത്.

