കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലേറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ഭാരവാഹികൾക്കെതിരെ നടപടിയുമായി മുസ്ലിം ലീഗ്. മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, ഭാര്യ നദീറ ഷാഹുൽ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തി. തോൽവിയെക്കുറിച്ച് പഠിക്കാൻ പാർട്ടി പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.
മണ്ഡലത്തിൽ ഷാഹുൽ ഹമീദ് വോട്ടുമറിച്ചെന്ന ഗൗരവകരമായ ആരോപണമാണ് ലീഗ് നേതൃത്വം പരിശോധിക്കുന്നത്. രാഷ്ട്രീയ ജനതാദൾ സ്ഥാനാർത്ഥി പി.കെ. പ്രവീൺ 1,286 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൂത്തുപറമ്പിൽ വിജയിച്ചത്. ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ജയന്തി രാജന് 69,182 വോട്ടുകളാണ് ലഭിച്ചത്. ജയന്തി രാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് ഷാഹുൽ ഹമീദ് മനഃപൂർവ്വം വിട്ടുനിന്നുവെന്ന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതി ഉയർന്നിരുന്നു. ഇതിനുപുറമെ, നദീറ ഷാഹുൽ ഹമീദിന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെ എതിർ സ്ഥാനാർത്ഥിയായ പ്രവീണിനായി വോട്ട് തേടിയെന്ന ആരോപണവും നേതൃത്വം ഗൗരവമായി കാണുന്നു.
ഷാഹുൽ ഹമീദിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഷാഹുലിന്റെ കോലം കത്തിക്കുന്നതടക്കമുള്ള നടപടികൾ മണ്ഡലത്തിൽ അരങ്ങേറി. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് വിജയസാധ്യതയുള്ള മണ്ഡലത്തിൽ തിരിച്ചടിയായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

