Home Keralaഅർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി; അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്ന് കണ്ടെടുത്തു

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി; അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്ന് കണ്ടെടുത്തു

by news_desk1
0 comments

കണ്ണൂർ: അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിനായി ഉപയോഗിച്ചതെന്ന് കരുതുന്ന മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. അർജുൻ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത് താൻ തന്നെയാണെന്ന് അർജുൻ ആയങ്കി അന്വേഷണ സംഘത്തോട് മൊഴി നൽകിയിരുന്നു. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെയും സുഹൃത്തുക്കളുടെ മൊബൈൽ ഫോണുകളിലെയും വൈഫൈ കണക്ഷനുകളാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം മൊഴി നൽകി. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ലെന്നും ഐഫോണിൽ നിന്നാണ് അക്കൗണ്ട് ഉപയോഗിച്ചതെന്നും അർജുൻ പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെ ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ച കേസിൽ കസ്റ്റഡിയിലെടുത്ത അർജുൻ ആയങ്കിയെ കണ്ണൂർ സൈബർ എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഇതിനിടെയാണ് അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപം ഫോൺ ഉണ്ടെന്ന വിവരം അർജുൻ പൊലീസിന് നൽകിയത്.

തുടർന്ന് അതീവ രഹസ്യമായി പുലർച്ചെ നടത്തിയ തെളിവെടുപ്പിലാണ് അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തത്. കേസിലെ നിർണായക തെളിവായ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികളും പൊലീസ് വേഗത്തിലാക്കി. ഇതിനായി കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്എച്ച്ഒ കമ്മീഷണർക്ക് കൈമാറി. റിപ്പോർട്ട് ഉടൻ കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറും.

You may also like