കോട്ടയം: എന്‍ഡിഎയിലേക്ക് പോകാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തി. യുഡിഎഫിന് പുറമെ മറ്റൊരു മുന്നണിയിലേക്ക് പോകാനുള്ള രാഷ്ട്രീയ സാധ്യത ലഭിക്കുകയാണെങ്കില്‍ അത് തള്ളിക്കളയേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. കൊല്ലം ജില്ലാ കമ്മിറ്റിയില്‍നിന്നാണ് പ്രധാനമായും ഈ നിര്‍ദേശം മുന്നോട്ടുവന്നത്. മലബാര്‍ മേഖലയിലെ നേതാക്കളും സമാന നിലപാട് പങ്കുവെച്ചതായാണ് വിവരം.
അര്‍ഹമായ രാഷ്ട്രീയ പരിഗണന ലഭിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ എന്‍ഡിഎയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായവും ചില നേതാക്കള്‍ പ്രകടിപ്പിച്ചു. അതേസമയം പാര്‍ട്ടി ഒറ്റയ്ക്ക് നിന്ന് രാഷ്ട്രീയ ശക്തി തെളിയിക്കണമെന്ന നിലപാടും മറ്റൊരു വിഭാഗം ഉയര്‍ത്തി.
ശനിയാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണം പിണറായി വിജയന്റെ നേതൃത്വശൈലിയാണെന്ന വിലയിരുത്തലാണ് പല നേതാക്കളും പങ്കുവെച്ചത്. ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ എല്‍ഡിഎഫ് ബംഗാളിലെ ഇടതുമുന്നണിയുടെ അവസ്ഥയിലേക്ക് എത്തുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് രാഷ്ട്രീയമായി ഗുണകരമാകുമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. സിപിഐഎം പ്രവര്‍ത്തകരില്‍നിന്ന് വ്യാപക ക്രോസ് വോട്ടിംഗ് നടന്നുവെന്ന ആരോപണവും നേതാക്കള്‍ ഉന്നയിച്ചു. സാധാരണ ജനങ്ങളുടെ മനോഭാവം തിരിച്ചറിയുന്നതില്‍ എല്‍ഡിഎഫ് നേതൃത്വം പരാജയപ്പെട്ടുവെന്ന വിമര്‍ശനവും ശക്തമായി ഉയര്‍ന്നു.
യോഗത്തില്‍ മുന്‍ എംഎല്‍എമാരായ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും നേരെയും വിമര്‍ശനമുയര്‍ന്നു. മുന്നണി മാറ്റ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഫേസ്ബുക്കില്‍ ‘തുടരും’ എന്ന പോസ്റ്റ് പങ്കുവെച്ചത് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നായിരുന്നു വിമര്‍ശനം. ചില എംഎല്‍എമാരുടെ ഇത്തരം പ്രതികരണങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും സംശയവും സൃഷ്ടിച്ചതായും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

