മോസ്‌കോ: നാല് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അമേരിക്ക നിര്‍ണായക പങ്കുവഹിച്ചുവെന്നും അതിന് നന്ദിയുണ്ടെന്നും പുടിന്‍ പറഞ്ഞു.
റഷ്യയും യുക്രൈനും തമ്മില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തലും യുദ്ധതടവുകാരുടെ കൈമാറ്റവും നടപ്പാക്കണമെന്ന നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ചിരുന്നു. മെയ് 9 മുതല്‍ 11 വരെ വെടിനിര്‍ത്തല്‍ പാലിച്ച് ആയിരത്തോളം യുദ്ധതടവുകാരെ പരസ്പരം കൈമാറണമെന്നായിരുന്നു അമേരിക്കയുടെ നിര്‍ദേശം.
ചര്‍ച്ചകള്‍ സുഗമമാക്കുന്നതില്‍ അമേരിക്കയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നുവെന്ന് പുടിന്‍ വ്യക്തമാക്കി. യുക്രൈന്‍ സംഘര്‍ഷം അവസാനത്തിലേക്ക് നീങ്ങുകയാണെന്നും യുദ്ധതടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് യുക്രൈന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, അതിന്റെ മേല്‍നോട്ടം തുടങ്ങിയ വിഷയങ്ങളില്‍ ധാരണയായിരുന്നെങ്കിലും ഭൂപ്രദേശ സംബന്ധമായ തര്‍ക്കങ്ങളില്‍ പരിഹാരം കണ്ടിരുന്നില്ല. റഷ്യ പിടിച്ചെടുത്ത ഡോണ്‍ബാസ് ഉള്‍പ്പെടെയുള്ള വ്യാവസായിക മേഖലകള്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസമുണ്ട്.
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സപൊറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണവും ചര്‍ച്ചയിലെ പ്രധാന വിഷയമായി തുടരുകയാണ്. നിലവില്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ മേഖലയുടെ ഭാവിയെക്കുറിച്ചും വ്യക്തമായ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളില്‍ നിര്‍ണായകമാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍.

