Home National‘പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണ്ട’; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പരാമര്‍ശത്തിന് പ്രതിഷേധം ശക്തം

‘പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണ്ട’; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പരാമര്‍ശത്തിന് പ്രതിഷേധം ശക്തം

by news_desk1
0 comments

പട്‌ന: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും അവർ വീട്ടിലിരിക്കേണ്ടവരാണെന്നും പറഞ്ഞ് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി നടത്തിയ പരാമര്‍ശം വിവാദമായി. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

“പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുന്നതാണ് ഭംഗി. അവര്‍ തെരുവിലിറങ്ങേണ്ട ആവശ്യമെന്താണ്? വിദ്യാഭ്യാസം എന്തിനാണ് വേണ്ടത്?” എന്നായിരുന്നു മിഥിലേഷ് തിവാരിയുടെ ചോദ്യം. രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിക്കുമ്പോള്‍ പെണ്‍മക്കള്‍ പുറത്തിറങ്ങേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം പെണ്‍കുട്ടികളുടെ അടിസ്ഥാന അവകാശമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, “അവകാശമൊക്കെ പിന്നീട് വന്നുചേരും” എന്നായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായ ബിഹാറില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഇത്തരം പരാമര്‍ശം ആശങ്കാജനകമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീ വിദ്യാഭ്യാസത്തെയും ശാക്തീകരണത്തെയും പിന്നോട്ടടിക്കുന്ന സമീപനമാണ് മന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് നിരവധി സാമൂഹിക പ്രവര്‍ത്തകരും പ്രതികരിച്ചു. സമൂഹമാധ്യമങ്ങളില്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്.

You may also like