തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹന നിരയിലും മാറ്റം. മുൻ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പൊലീസ് ഫണ്ടിൽ നിന്ന് വാങ്ങിയിരുന്ന രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ് തിരിച്ചെടുത്തു. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതോടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ നൽകാനാണ് തീരുമാനം.
പൊതുഭരണ വകുപ്പ് ഇതിനായി ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാൽ കറുത്ത വാഹനം വീണ്ടും അനുവദിക്കാമെന്നും സൂചനയുണ്ട്.
അതേസമയം, സുരക്ഷാ ക്രമീകരണങ്ങളിൽ ലാളിത്യം വേണമെന്ന നിർദേശം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പൊലീസിന് നൽകിയിട്ടുണ്ട്. യാത്രകളിൽ അനാവശ്യ വാഹന അകമ്പടി ഒഴിവാക്കണമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു.
പൈലറ്റ് വാഹനവും എസ്കോർട്ടും മാത്രം മതിയെന്ന നിലപാടാണ് സതീശൻ സ്വീകരിച്ചത്. റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതികൾ ഒഴിവാക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി എസ്കോർട്ട് വാഹനം നിർബന്ധമാണെന്ന് പൊലീസ് അറിയിച്ചു.

