കാസർകോട്: തിരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെയും ശക്തമായി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫിനെയോ സിപിഎമ്മിനെയോ അവസാനമായി ആരും കാണേണ്ട സാഹചര്യമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അതിൽ നിരവധി മേഖലകളിൽ പുരോഗതി കൈവരിക്കാനായെന്നും പിണറായി വിജയൻ വ്യക്തമാക്കി. മാലിന്യ സംസ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ-ശിശു സുരക്ഷ തുടങ്ങിയ മേഖലകളിൽ സർക്കാർ മുന്നേറ്റം ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
“എല്ലാം നാടിൻ്റെ വികസനവും ജനങ്ങളുടെ അഭിവൃദ്ധിയും ലക്ഷ്യമിട്ടായിരുന്നു. ജനവിധി പൂർണമായും അംഗീകരിക്കുന്നു. ഈ മുന്നേറ്റങ്ങൾക്ക് തുടർച്ച ഉണ്ടാകണം. അത് ഞങ്ങൾക്ക് മാത്രമേ സാധിക്കൂ എന്ന് പറയുന്നില്ല,” എന്നും അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും ജനവിരുദ്ധ നിലപാടുകൾ ഉണ്ടെങ്കിൽ ശക്തമായി എതിർക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

