തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വ്യാപക അഴിച്ചുപണിക്ക് തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലംമാറ്റിക്കൊണ്ട് ഡിജിപി പ്രത്യേക ഉത്തരവിറക്കി. ദീർഘകാലമായി സ്പെഷ്യൽ ബ്രാഞ്ചിൽ സേവനമനുഷ്ഠിച്ചിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്കാണ് മാറ്റിയത്.
പത്ത് വർഷത്തോളമായി യൂണിഫോം ഡ്യൂട്ടിയിൽ നിന്ന് വിട്ട് സ്പെഷ്യൽ ബ്രാഞ്ചിൽ പ്രവർത്തിച്ചിരുന്ന അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ എസ്.എച്ച്.ഒയായി നിയമിച്ചു. ക്ലിഫ് ഹൗസിന്റെ സുരക്ഷ ചുമതലയും ഈ സ്റ്റേഷന്റെ പരിധിയിലാണ് ഉൾപ്പെടുന്നത്. ഇടത് അനുകൂല സംഘടനാ നേതാവായ പ്രശാന്തിന്റെ പുതിയ നിയമനം പൊലീസിനകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജുവിനെയും സ്ഥലംമാറ്റി. അദ്ദേഹത്തെ കൊച്ചി സിറ്റി പൊലീസ് പരിധിയിലേക്കാണ് നിയമിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസിലെ ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായാണ് നടപടി എന്നാണു സൂചന.

