ശ്രീകണ്ഠാപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നടി റിനി ആൻ ജോർജ് പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. പാർട്ടിക്കെതിരെ നിലപാട് എടുത്തിരുന്ന ഒരാൾക്ക് വി.ഐ.പി പാസ് ലഭിച്ചതെങ്ങനെ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്.
പാർട്ടിക്കായി പ്രവർത്തിച്ച നിരവധി പ്രവർത്തകർക്ക് പോലും ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് റിനി ആൻ ജോർജിനെപ്പോലുള്ളവർ പ്രധാന വേദിയിലെത്തിയതെന്ന് വിജിൽ മോഹനൻ ആരോപിച്ചു. സംഘടനാ പ്രവർത്തനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവമായിരുന്ന പലർക്കും പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ, കോൺഗ്രസിനെതിരെ മുമ്പ് പരസ്യ വിമർശനം നടത്തിയ ഒരാൾക്ക് പ്രത്യേക പരിഗണന ലഭിച്ചതിൽ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രിക്കൊപ്പം റിനി ആൻ ജോർജ് ഫോട്ടോ എടുത്തതും നിരവധി യുഡിഎഫ് എംഎൽഎമാർക്ക് പോലും വേദിയിൽ എത്താനാകാത്ത സാഹചര്യമുണ്ടായതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിഞ്ഞ് നടത്തിയ നടപടിയല്ലെന്നും, ചില ഉദ്യോഗസ്ഥരുടെ ഇടപെടലാകാമെന്നും വിജിൽ മോഹനൻ ആരോപിച്ചു.
“ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം. അധികാര കേന്ദ്രങ്ങളിലേക്ക് ഇത്തരക്കാർ കടന്നുകയറിയതിന്റെ ദോഷഫലങ്ങൾ കോൺഗ്രസ് മുമ്പും അനുഭവിച്ചിട്ടുള്ളതാണ്. സ്വപ്നയും സരിതയും പോലുള്ള സംഭവങ്ങൾ മറക്കാനാവില്ല. നീതിമാനായ ഉമ്മൻചാണ്ടിയെ വേട്ടയാടിയ സംഭവവും ഇന്നും മനസിലുണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
വി ഡി സതീശനെതിരെ നടന്ന സ്ത്രീസമ്മേളനത്തിൽ റിനി ആൻ ജോർജ് പങ്കെടുത്തിരുന്നുവെന്നും അന്ന് കോൺഗ്രസ് വിരുദ്ധ നിലപാടുകളോടൊപ്പമായിരുന്നുവെന്നും വിജിൽ മോഹനൻ ആരോപിച്ചു. പാർട്ടിയുടെ പോരാട്ടഫലമായാണ് ഈ സർക്കാർ രൂപം കൊണ്ടതെന്നും, അതിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ അംഗീകരിക്കില്ലെന്നും അദ്ദേഹം സാമൂഹിക മാധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി.

