Home Entertainmentഹാപ്പി ബർത്ത്ഡേ ലാലേട്ടാ…നടന വിസ്മയത്തിന് പിറന്നാൾ ആശംസകൾ.

ഹാപ്പി ബർത്ത്ഡേ ലാലേട്ടാ…നടന വിസ്മയത്തിന് പിറന്നാൾ ആശംസകൾ.

by news_desk
0 comments

സിനിമാലോകത്തെ നടന വിസ്മയം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് ആരാധകരും താരങ്ങളുമെല്ലാം. നാലര പതിറ്റാണ്ടായി സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയതാരത്തിന് ആയുരാരോ​ഗ്യം സൗഖ്യം നേരുകയാണ് എല്ലാവരും. പതിവ് തെറ്റിക്കാതെ നടൻ മമ്മൂട്ടിയും രാവിലെ തന്നെ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നു.
66 വയസിലും യുവാക്കളുടെ എനർജിയോടെയാണ് മോഹൻലാലിനെ കാണാനാവുക. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി നായകന്റെ സിംഹാസനത്തിലേറി ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ മോഹൻലാലിന്റെ യാത്ര ഏതൊരു സിനിമാ പ്രേമിയെയും അതിശയിപ്പിക്കുന്നതാണ്.
നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങൾക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ഫാസിൽ സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. കുസൃതിയും ക്രൂരതയും നിറഞ്ഞ നരേന്ദ്രൻ എന്ന വില്ലനിൽ നിന്നായിരുന്നു ആ തുടക്കം. പിന്നീട് ‘രാജാവിന്റെ മകനിലെ’ വിൻസെന്റ് ഗോമസ് എന്ന അധോലോക നായകനിലൂടെ മാസ്മരികമായ ഒരു നായകസങ്കൽപ്പത്തിന് അദ്ദേഹം അടിത്തറയിട്ടു.
മീശപിരിച്ചും മുണ്ടു മടക്കിക്കുത്തിയും ആ നടന്‍ മലയാളിക്ക് പൗരുഷത്തിന്റെ പുതിയൊരു മുഖം സമ്മാനിച്ചു. അമ്മയോടുള്ള വാത്സല്യമായി, കാമുകിയോടുള്ള പ്രണയമായി, സുഹൃത്തിനോടുള്ള വിശ്വസ്തതയായി, ശത്രുവിനോടുള്ള വീര്യമായി മോഹന്‍ലാല്‍ ഇന്നും നമുക്കിടയില്‍ നിറഞ്ഞുനിൽക്കുന്നു.
അഭിനയം എന്നത് വെറുമൊരു വേഷപ്പകർച്ചയല്ല, മറിച്ച് ആത്മാവിന്റെ ആവിഷ്‌കാരമാണെന്ന് തെളിയിച്ച ഈ മഹാപ്രതിഭയ്ക്ക് മുന്നിൽ കാലം ഇനിയും വിസ്മയത്തോടെ കാത്തുനിൽക്കും. പ്രിയപ്പെട്ട ലാലേട്ടന് , മലയാളത്തിൻ്റെ നടന വിസ്മയത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!.

You may also like