Home Entertainment‘വണ്ണമുള്ളവർക്കും ഇല്ലാത്തവർക്കും പല്ല് പൊന്തിയവർക്കുമൊക്കെ ജീവിക്കണ്ടേ?’; ബോഡി ഷെയ്മിങ്ങിനെതിരെ ആഞ്ഞടിച്ച് ജുവൽ മേരി

‘വണ്ണമുള്ളവർക്കും ഇല്ലാത്തവർക്കും പല്ല് പൊന്തിയവർക്കുമൊക്കെ ജീവിക്കണ്ടേ?’; ബോഡി ഷെയ്മിങ്ങിനെതിരെ ആഞ്ഞടിച്ച് ജുവൽ മേരി

by news_desk1
0 comments

കൊച്ചി: ബോഡി ഷെയ്മിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി നടിയും അവതാരകയുമായ ജുവൽ മേരി. മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത് എന്തിനാണെന്നും, എത്ര ലാഘവത്തോടെയാണ് പലരും ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുന്നതെന്നും ജുവൽ ചോദിച്ചു.

‘വായടയ്ക്കൂ! മനുഷ്യരെന്ന നിലയിൽ നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത്? മറ്റുള്ളവരുടെ ശരീരത്തിലും അവരുടെ തൊലിക്കടിയിലെ കൊഴുപ്പിലുമൊക്കെ നിങ്ങൾ എന്താണ് എടുത്തുവെച്ചിരിക്കുന്നത്?’ എന്നായിരുന്നു ജുവലിന്റെ ചോദ്യം.

‘ശരീരമൊന്നും നോക്കാറില്ലല്ലോ, വണ്ണം വെച്ചത് കണ്ടപ്പോൾ ഞങ്ങൾക്ക് മനസിലായി’ എന്ന തരത്തിൽ തന്നെ കാണുന്ന പലരും വളരെ കാഷ്വലായി സംസാരിക്കാറുണ്ടെന്നും ജുവൽ പറഞ്ഞു. അവരുടെ സ്നേഹം മനസിലാകുന്നുണ്ടെങ്കിലും അതിനെ തന്റെ ശരീരത്തെക്കുറിച്ച് എന്തും പറയാനുള്ള സ്വാതന്ത്ര്യമായി കാണരുതെന്നും അവർ വ്യക്തമാക്കി.

‘ഇത് എന്റെ ശരീരമാണ്, എന്റെ ഇടമാണ്. ഇതിൽ അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഇത്ര ധൈര്യം?’ എന്നും ജുവൽ ചോദിച്ചു.

നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ എത്ര സ്ത്രീകളെയും കുട്ടികളെയും മനുഷ്യരെയും അവരുടെ ജീവിതത്തിന്റെ നിലനിൽപ്പിനെ തന്നെ തകർക്കുന്ന രീതിയിൽ സംസാരിക്കുന്നുവെന്ന് ജുവൽ ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും ഇത്തരം സമീപനങ്ങൾ അവസാനിപ്പിക്കേണ്ടതല്ലേയെന്നും അവർ ചോദിച്ചു.

‘വണ്ണമുള്ള മനുഷ്യർക്കും വണ്ണമില്ലാത്ത മനുഷ്യർക്കും, തൊലി ഇത്തിരി ഇരുണ്ടുപോയ മനുഷ്യർക്കും, പല്ല് പൊന്തിയ മനുഷ്യർക്കുമൊക്കെ ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ? ഒരാളുടെ കഴിവ് തൊലിപ്പുറത്തും സമൂഹം നിശ്ചയിച്ച മാനദണ്ഡങ്ങളിലുമാത്രമാണോ ഇരിക്കുന്നത്?’ എന്നും ജുവൽ പറഞ്ഞു.

ഒരാൾ മറ്റുള്ളവരെ എങ്ങനെ വിനോദിപ്പിക്കുന്നു, അവർക്കായി എന്താണ് നിർമിക്കുന്നത്, എന്താണ് സൃഷ്ടിക്കുന്നത് എന്നതിലാണ് കഴിവ് കാണേണ്ടതെന്നും ജുവൽ വ്യക്തമാക്കി. കുറഞ്ഞത് ഒരു മനുഷ്യനോട് ബഹുമാനം കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

‘ഒരു മനുഷ്യന്റെ വില അവരുടെ തൊലിക്കടിയിലെ വണ്ണത്തിലുള്ള കൊഴുപ്പിലല്ല. അത് മനസിലാക്കുക. എനിക്ക് നിങ്ങളെക്കൊണ്ട് മടുത്തു. ഇനി എന്നോട് ഇങ്ങനെ പറയാൻ വരുന്നവരോട് എനിക്ക് തിരിച്ച് പറയാനുണ്ടാകും’ എന്നായിരുന്നു ജുവൽ മേരി വീഡിയോയിൽ പറഞ്ഞത്.

You may also like