കൊച്ചി: തിയറ്ററുകളിൽ ചിരിപൂരം തീർത്ത ഗിരീഷ് എ.ഡി. ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നിവിൻ പോളി–മമിത ബൈജു കോംബോയ്ക്ക് പ്രേക്ഷകരിൽനിന്ന് മികച്ച സ്വീകരണം ലഭിച്ചിരുന്നു. 300 കോടി ക്ലബിൽ ഇടംനേടി ഇൻഡസ്ട്രി ഹിറ്റായ ചിത്രം ഒടിടിയിലും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ആഗോള ബോക്സ് ഓഫീസിൽ 300 കോടി പിന്നിട്ട ചിത്രം മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമകളിലൊന്നായി മുന്നേറുകയാണ്. നിവിൻ പോളിക്കൊപ്പം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്ര–തെലങ്കാന മേഖലകൾ, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ പ്രചാരണത്തിനായി ഒരുക്കിയ ഷോർട്ട് ഫിലിം ഉൾപ്പെടെയുള്ള വ്യത്യസ്ത പ്രമോഷൻ രീതികളും ശ്രദ്ധ നേടിയിരുന്നു. സാധാരണയായി നാലാം വാരത്തോടെ പല സിനിമകളുടെയും പ്രദർശന കേന്ദ്രങ്ങൾ കുറയുമ്പോൾ, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അഞ്ചാം വാരത്തിലും 266 കേന്ദ്രങ്ങളിൽ പ്രദർശനം തുടരുകയാണ്.
സംഗീതം വിഷ്ണു വിജയ്, ഛായാഗ്രഹണം അജ്മൽ സാബു, എഡിറ്റിങ് ആകാശ് ജോസഫ്.
