മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കണമെന്ന ദീർഘകാല സ്വപ്നം ഇനി യാഥാർഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് 36കാരനായ ചാഹലിന്റെ തീരുമാനം. എന്നാൽ പരിമിത ഓവർ ക്രിക്കറ്റിൽ തുടരുമെന്നും ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനുള്ള പോരാട്ടം തുടരുമെന്നും ചാഹൽ വ്യക്തമാക്കി.
സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം ചാഹൽ അറിയിച്ചത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോർത്താംപ്ടൺഷെയറിനായി ലോർഡ്സിൽ മിഡിൽസെക്സിനെതിരെ കളിച്ച മത്സരമാണ് തന്റെ അവസാന ഫസ്റ്റ് ക്ലാസ് പോരാട്ടമെന്നും അദ്ദേഹം കുറിച്ചു.
പത്തുവയസുള്ളപ്പോഴാണ് ആദ്യമായി ഒരു റെഡ് ബോൾ കയ്യിലെടുത്തതെന്ന് ചാഹൽ ഓർത്തെടുത്തു. പിന്നീട് റെഡ് ബോൾ ക്രിക്കറ്റിനോട് ഇത്രയേറെ പ്രണയം തോന്നുമെന്ന് അന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷമ, പ്രതിരോധം, മണിക്കൂറുകളോളം ക്രീസിൽ പോരാടാനുള്ള കരുത്ത് എന്നിവ തന്നെ പഠിപ്പിച്ചത് റെഡ് ബോൾ ക്രിക്കറ്റാണെന്നും ചാഹൽ വ്യക്തമാക്കി.
ഇന്ത്യയ്ക്കായി ടെസ്റ്റ് ക്യാപ് അണിയുക എന്നത് എന്നും തന്റെ സ്വപ്നമായിരുന്നുവെന്നും അത് യാഥാർഥ്യമാകാതെ പോയെങ്കിലും റെഡ് ബോൾ ക്രിക്കറ്റ് സമ്മാനിച്ച ഓർമ്മകളിൽ സംതൃപ്തനാണെന്നും ചാഹൽ പറഞ്ഞു.
എന്നാൽ തന്നിലെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും രാജ്യത്തിനായി ഏകദിനത്തിലും ടി20യിലും തിരിച്ചെത്താനുള്ള ദാഹം ഇപ്പോഴും തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ക്രിക്കറ്റ് വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഹരിയാന ക്രിക്കറ്റ് അസോസിയേഷനും ഭാരവാഹികൾക്കും നന്ദി അറിയിച്ചാണ് ചാഹൽ കുറിപ്പ് അവസാനിപ്പിച്ചത്.
