തിരുവനന്തപുരം: തീരുമാനങ്ങൾ ഏകപക്ഷീയമായല്ലെന്നും മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചാണ് കൈക്കൊള്ളുന്നതെന്നും വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങൾ തള്ളിയ മുഖ്യമന്ത്രി, എല്ലാ തീരുമാനങ്ങളും പാർട്ടിയുടെ നയങ്ങൾക്കും രീതികൾക്കും അനുസൃതമാണെന്നും പറഞ്ഞു. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.സി. വേണുഗോപാലുമായി ഭിന്നതയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിനെക്കുറിച്ചുള്ള ചോദ്യത്തിന്, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടൂർ പ്രകാശിന്റെ വിമർശനങ്ങളിൽ മുഖ്യമന്ത്രി ആദ്യമായാണ് പ്രതികരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയെ ചോദ്യം ചെയ്താണ് അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകിയത്. പാർട്ടിയെയും മുന്നണിയെയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും മുന്നണി കൺവീനർ എന്ന നിലയിൽ തനിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാന തീരുമാനങ്ങൾ പോലും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം ഖർഗെയെ നേരിൽ കണ്ട് അറിയിച്ചു.
മഹിളാ കോൺഗ്രസ് നേതൃത്വത്തിന്റെയും ഘടകകക്ഷികളുടെയും നിലപാടുകൾ അടൂർ പ്രകാശ് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണമെന്ന ശക്തമായ ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
